'ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ തുടങ്ങണം': രാജസ്ഥാൻ ഹൈക്കോടതി

  1. Home
  2. Trending

'ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ തുടങ്ങണം': രാജസ്ഥാൻ ഹൈക്കോടതി

rajastan-highcourt


ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു വെബ് പോർട്ടൽ ആരംഭിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജഡ്ജി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ലിവ്-ഇൻ ദമ്പതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. അത്തരമൊരു നിയമം നടപ്പാക്കുന്നത് വരെ, ബന്ധപ്പെട്ട അധികൃതർ ലിവ് ഇൻ റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. 

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുന്നതുവരെ ലിവ് ഇൻ ബന്ധങ്ങൾ ട്രിബ്യൂണലോ സർക്കാർ അധികൃതരോ രജിസ്റ്റർ ചെയ്യണമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്‌റ്റിസ് അനൂപ് കുമാർ ദണ്ഡിന്‍റെ സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനും കേന്ദ്ര സാമൂഹിക ക്ഷേമ, നീതിന്യായ സെക്രട്ടറിക്കും ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോർമാറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകി. മാർച്ച് 1 നകം ഉത്തരവ് പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 

ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നുള്ള വിവാഹിതയായ യുവതിയാണ് സംരക്ഷണത്തിനായി റിട്ട് ഹർജി സമർപ്പിച്ചത്.  സിക്കാർ ജില്ലയിൽ നിന്നുള്ള ഒരാളുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു യുവതി. ഇത്തരം സങ്കീർണമായ ബന്ധങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ വിശാലമായ ബെഞ്ച് രൂപീകരിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ജസ്റ്റിസ് ദണ്ഡ്, കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് നിയമനിർമ്മാണം നടത്തേണ്ടതെന്നും പറഞ്ഞു. 

ലിവ് ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പരിപാലനം എന്നിവയുടെ ഉത്തരവാദിത്തം സംബന്ധിച്ച്  പുരുഷ - സ്ത്രീ പങ്കാളികളുടെ ബാധ്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ലിവ് ഇൻ  ബന്ധങ്ങൾ പലപ്പോഴും സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും അവ നിയമപരമായി നിരോധിക്കപ്പെട്ടിട്ടില്ലെന്ന്, തങ്ങളുടെ കുടുംബങ്ങളിൽ നിന്നുള്ള ഭീഷണികൾക്കെതിരെ നിയമപരമായ സംരക്ഷണം തേടുന്ന ലിവ്-ഇൻ ദമ്പതികളെ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ദിവസവും ഡസൻ കണക്കിന് ഹർജികൾ സമർപ്പിക്കപ്പെടുന്നുവെന്ന് ജഡ്ജി പറഞ്ഞു. അത്തരം കേസുകൾ സമാനമായ രീതിയിൽ കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.