ആലുവയിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്; രാഷ്ട്രീയമായ പ്രചാരണത്തിന് വേണ്ടി നാടിനെ ആകെ പരിഹസിക്കരുതെന്ന് മുഖ്യമന്ത്രി

  1. Home
  2. Trending

ആലുവയിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്; രാഷ്ട്രീയമായ പ്രചാരണത്തിന് വേണ്ടി നാടിനെ ആകെ പരിഹസിക്കരുതെന്ന് മുഖ്യമന്ത്രി

pinarayi vijayan niyamasabha


വീട്ടിൽ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ആലുവയിലെ സംഭവം തികച്ചും ദൗർഭാഗ്യകരമാണെന്നും, ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളി രക്ഷപെടാൻ പാടില്ല. അതിനുവേണ്ട കാര്യങ്ങൾ ഉറപ്പാക്കും. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം വർധിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീർത്തും രാഷ്ട്രീയപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"ആലുവയിലെ സംഭവം ഒറ്റപ്പെട്ടതാണ്. അതിനെ പർവ്വതീകരിച്ച് കേരളത്തിൽ ആകെ എന്ന് പറയേണ്ടതില്ല. ആലുവയിലെ കുട്ടിയുടെ പിതാവിന്റെ വേദനയോട് ഈ നാട് ചേരുകയാണുണ്ടായത്. പ്രതിയെ പിടികൂടാൻ നാട്ടുകാരുടെ അടക്കം എല്ലാവരുടെയും ഭാഗത്തുനിന്നും സഹായം ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഒരു ഗൂഢ സംഘത്തിന്റെ കയ്യിലാണെന്ന ആരോപണം പ്രത്യേക മനോനിലയാണ്. ശരിയായ നിലയിലാണ് ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നത്. വകുപ്പിന് അതിന്റെതായ ശ്രേണി വച്ചുകൊണ്ട് തന്നെയാണ് നയിക്കുന്നതും"- പിണറായി വിജയൻ പറഞ്ഞു.

"ക്രമസമാധാന നിലയിൽ ഇന്ത്യയിൽ തന്നെ അഭിമാനകരമായ നിലയിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി. അതിൽ എല്ലാവർക്കും അഭിമാനിക്കാം. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്നത് അഭിമാനകരമായ രീതിയിൽ കേരളം നിർവഹിക്കുന്നുണ്ട്. പൊതുവായി നാടിന്റെ ഭദ്രത കാത്തുസൂക്ഷിക്കാൻ നമുക്ക് ആയിട്ടുണ്ട്. അതിൽ ജനങ്ങൾക്കും പങ്കുണ്ട്. അവരവർ മനസ്സിൽ കാണുന്നത് പറയാൻ ശരിയല്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുത്. എന്തിനെയും അപഹസിക്കാനുള്ള നീക്കം ആണിത്. രാഷ്ട്രീയമായ പ്രചരണത്തിനു വേണ്ടി നാടിനെ ആകെ അപഹസിക്കരുത്"- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.