വിധി എന്തുതന്നെയായാലും സർക്കാർ അതിജീവിതയ്ക്കൊപ്പം: സിനിമാ മേഖലയിൽ ഉടൻ നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ
നടിയെ ആക്രമിച്ച കേസിന്റെ വിധി എന്തായാലും സർക്കാർ അതിജീവിതമാർക്കൊപ്പമായിരിക്കും നിലയുറപ്പിക്കുക എന്ന് മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്ത്രീസമൂഹത്തോടൊപ്പമാണെന്നും ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായവരെ ചേർത്തുപിടിക്കുകയും അവർക്ക് വേണ്ട സംരക്ഷണം നൽകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയുടെ പൂർണരൂപം മനസ്സിലാക്കിയ ശേഷം സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
"കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണല്ലോ മനസ്സിലാക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് എല്ലാ നിരീക്ഷണങ്ങളോടെയുമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വർഷങ്ങളോളം കേസിൽ വാദം നടന്നു. എല്ലാ നിരീക്ഷണങ്ങളും വെച്ചുകൊണ്ടാണ് കോടതി കണ്ടെത്തൽ നടത്തുന്നത്. ഈ വിഷയത്തിൽ സർക്കാർ ശരിയായ നിലപാട് സ്വീകരിക്കും. എന്തായാലും ഞങ്ങൾ അതിജീവിതമാർക്കൊപ്പമാണ്," സജി ചെറിയാൻ കൂട്ടിച്ചേർത്തു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്ത്രീക്കും യാതൊരുവിധ അപകടവും ഇല്ലാതിരിക്കാൻ അവർക്ക് സംരക്ഷണം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമനിർമ്മാണത്തിലേക്ക് കടക്കുകയാണ്. വരും മാസങ്ങൾ അതിനുവേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
