ഓപ്പറേഷൻ സിന്ദൂർ നിർത്തിയത് ലക്ഷ്യം കൈവരിച്ചപ്പോൾ, ഇടപെടൽ ഇല്ലെന്ന് രാജ്‌നാഥ് സിങ്, പാർലമെന്റിൽ വിശദീകരണം

  1. Home
  2. Trending

ഓപ്പറേഷൻ സിന്ദൂർ നിർത്തിയത് ലക്ഷ്യം കൈവരിച്ചപ്പോൾ, ഇടപെടൽ ഇല്ലെന്ന് രാജ്‌നാഥ് സിങ്, പാർലമെന്റിൽ വിശദീകരണം

singh


പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുനേരെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ സൈനിക നടപടി നിർത്തിയത് ലക്ഷ്യം കൈവരിച്ചപ്പോഴെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങൾ കൈവരിച്ചതിനാലാണ് ഇന്ത്യ നടപടികൾ നിർത്തിവെച്ചത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലെ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. തന്റെ ഇടപെടൽ മൂലമാണ് ഇന്ത്യ-പാകിസ്താൻ യുദ്ധം അവസാനിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ അവകാശവാദത്തെ പ്രതിരോധമന്ത്രി തള്ളി. 'ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം മൂലമാണ് ഈ ഓപ്പറേഷൻ നിർത്തിവെച്ചതെന്ന് പറയുന്നത് അടിസ്ഥാനരഹിതവും തികച്ചും തെറ്റുമാണ്… എന്റെ രാഷ്ട്രീയ ജീവിതത്തിൽ, ഞാൻ ഒരിക്കലും നുണ പറയാതിരിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്' രാജ്നാഥ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിന്റെ ലക്ഷ്യം അതിർത്തി കടക്കുകയോ അവിടുത്തെ പ്രദേശം പിടിച്ചെടുക്കുകയോ ആയിരുന്നില്ല. വർഷങ്ങളായി പാകിസ്താൻ പരിപോഷിപ്പിച്ചുവന്ന ഭീകരവാദത്തിന്റെ ഈറ്റില്ലങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇന്ത്യ കൈവരിച്ചതോടെ നടപടികൾ നിർത്തിവെച്ചു. മെയ് 10-ന് ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഒന്നിലധികം വ്യോമതാവളങ്ങളിൽ ശക്തമായി പ്രഹരിച്ചപ്പോൾ, പാകിസ്താൻ പരാജയം സമ്മതിക്കുകയും വെടിനിർത്തലിന് സന്നദ്ധത അറിയിക്കുകയും ചെയ്തു. അവർ നമ്മുടെ ഡിജിഎംഒ-യോട് സംസാരിക്കുകയും നടപടികൾ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഈ ഓപ്പറേഷൻ താൽക്കാലികമായി നിർത്തിവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന വ്യവസ്ഥയോടെ ഈ വാഗ്ദാനം സ്വീകരിച്ചു. ഭാവിയിൽ പാകിസ്താന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള നടപടികളുണ്ടായൽ ഈ ഓപ്പറേഷൻ പുനരാരംഭിക്കുന്നതാണ്…' രാജ്നാഥ് സിങ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് ചോദ്യങ്ങളുയർത്തി പ്രതിപക്ഷത്തെ രാജ്നാഥ് വിമർശിക്കുകയും ചെയ്തു. 'നമ്മുടെ എത്ര വിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് പ്രതിപക്ഷത്തെ ചുരുക്കം ചിലർ മാത്രമേ ചോദിച്ചിട്ടുള്ളൂ? അവരുടെ ചോദ്യം നമ്മുടെ ദേശീയ വികാരത്തെ വേണ്ടവിധം പ്രതിനിധീകരിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ സായുധ സേന എത്ര ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് അവർ ഞങ്ങളോട് ചോദിച്ചിട്ടില്ല. അവർ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ടെങ്കിൽ, ഇന്ത്യ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചോ എന്നതായിരിക്കണം, അതിനുള്ള ഉത്തരം, അതെ എന്നാണ്… നിങ്ങൾക്ക് ഒരു ചോദ്യം ചോദിക്കാനുണ്ടെങ്കിൽ, ഇത് ചോദിക്കുക: ഈ ഓപ്പറേഷനിൽ നമ്മുടെ ധീരരായ സൈനികർക്ക് ആർക്കെങ്കിലും പരിക്കേറ്റോ? ഉത്തരം, ഇല്ല, നമ്മുടെ സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ല' രാജ്നാഥ് സിങ് പറഞ്ഞു.

എസ്-400, ആകാശ് മിസൈൽ സംവിധാനം തുടങ്ങിയവ വളരെ ഉപയോഗപ്രദമാണെന്ന് തെളിയുകയും പാകിസ്താന്റെആക്രമണത്തെ പൂർണ്ണമായും പരാജയപ്പെടുത്തുകയും ചെയ്തുവെന്നും രാജ്നാഥ് പറഞ്ഞു. 'ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ സൈനിക നടപടിയിൽ നൂറിലധികം ഭീകരരും അവരുടെ പരിശീലകരും നടത്തിപ്പുകാരും സഹായികളും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും ജെയ്‌ഷെ-മുഹമ്മദ്, ലഷ്‌കർ-ഇ-ത്വയ്യിബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നു' രാജ്നാഥ് പറഞ്ഞു. 22 മിനിറ്റിനുള്ളിൽ ഈ ഓപ്പറേഷൻ അവസാനിപ്പിച്ചതായും പ്രതിരോധ മന്ത്രി പറഞ്ഞു.

സ്വയം പ്രതിരോധത്തിനായിരുന്നു ഇന്ത്യയുടെ സൈനിക നടപടി. മെയ് 10 ന് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ, മറ്റ് ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള ആക്രമണം നടത്തിയെന്നും രാജ്നാഥ് പറഞ്ഞു.എന്നാൽ നമ്മുടെ വ്യോമ പ്രതിരോധ സംവിധാനവും, ഡ്രോൺ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് പാകിസ്താന്റെ ഈ ആക്രമണം പൂർണ്ണമായും പരാജയപ്പെടുത്തി എന്ന് പറയുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും രാജ്നാഥ് വ്യക്തമാക്കി. പാകിസ്താന് നമ്മുടെ ലക്ഷ്യങ്ങളിലൊന്നും ആക്രമണം നടത്താൻ കഴിഞ്ഞില്ല, നമ്മുടെ പ്രധാനപ്പെട്ട വസ്തുക്കൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ല. നമ്മുടെ സുരക്ഷാ ക്രമീകരണങ്ങൾ അജയ്യമായിരുന്നു, എല്ലാ ആക്രമണങ്ങളും പരാജയപ്പെടുത്തിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.