ജെ.ഡി.യു എങ്ങോട്ട് ചായും, നിർണ്ണായകം; നിതീഷ് കുമാറിനെക്കാൾ മികച്ച പ്രധാനമന്ത്രിയെ കിട്ടില്ലെന്ന്‌ ജെ.ഡി.യു

  1. Home
  2. Trending

ജെ.ഡി.യു എങ്ങോട്ട് ചായും, നിർണ്ണായകം; നിതീഷ് കുമാറിനെക്കാൾ മികച്ച പ്രധാനമന്ത്രിയെ കിട്ടില്ലെന്ന്‌ ജെ.ഡി.യു

nitish-kumarലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കി രാജ്യം.  നിതീഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ രാഷ്ട്രീയ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. അതിനിടെ, നിതീഷ് കുമാറിനെ പുകഴ്ത്തി ജെഡിയു നേതാവ് ഖാലിദ് അൻവർ രം​ഗത്തെത്തി. നിതീഷ് കുമാറിനെക്കാൾ മികച്ച പ്രധാനമന്ത്രിയെ കിട്ടില്ലെന്ന്‌ ഖാലിദ് അൻവർ വാർത്താ ഏജൻസിയായ എഎൻഎയോട് പ്രതികരിച്ചു. 


ഇപ്പോൾ ഞങ്ങൾ എൻഡിഎയുടെ ഭാഗമാണ്. എന്നാൽ നിതീഷ് പ്രധാനമന്ത്രി ആകുമെന്ന പ്രതീക്ഷ ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ബഹുമാനിക്കുന്ന നേതാവാണ് നിതീഷ് കുമാർ എന്നും ഖാലിദ് അൻവർ പറഞ്ഞു. അതിനിടെ, നിതീഷ് കുമാറിന്‍റെ വസതിയിലെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി. നിതീഷ് കുമാറിന്റെ പിന്തുണ ഉറപ്പിക്കാനാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയുടെ കൂടിക്കാഴ്ച. നേരത്തെ, സാമ്രാട്ട് ചൗധരിയുമായുള്ള കൂടിക്കാഴ്ച്ചക്ക് നിതീഷ് വിസമ്മതിച്ചിരുന്നു. 

ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസും രം​ഗത്തുണ്ട്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. 232 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 294 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു.