ആരാണ് സോനം വാങ്ചുക്ക്?

  1. Home
  2. Trending

ആരാണ് സോനം വാങ്ചുക്ക്?

IMAGE


ആരാണ് ഈ സോനം വാങ്ചുക്ക് .ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന സോനം വാങ്ചുക്ക് എന്തിനു വേണ്ടിയായിരുന്നു ഡൽഹിയിലെ ജന്തർ മന്തറിൽ 21 ദിവസത്തോളം നിരാഹാരം കിടന്നത്1966-ൽ ലഡാക്കിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച സോനം വാങ്ചുക് ഒരു മെക്കാനിക്കൽ എൻജിനീയറും, ലോകപ്രശസ്തനായ വിദ്യാഭ്യാസ പരിഷ്‌കർത്താവും, പരിസ്ഥിതി പ്രവർത്തകനുമാണ്

അദ്ദേഹം ഒമ്പത് വയസ്സുവരെ സ്‌കൂൾ കണ്ടിട്ടില്ല .കാരണം ആ നാട്ടിൽ സ്‌കൂളുകളുണ്ടായിരുന്നില്ല. 1975 ൽ അദ്ദേഹത്തിന്റെ കുടുംബം ശ്രീനഗറിലേക്ക് താമസം മാറി. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ പഠിപ്പിച്ചിരുന്ന ശ്രീനഗറിലെ ഒരു സ്‌കൂളിലേയ്ക്ക് സോനത്തെ അവർ ചേർത്തു. അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തതിനാൽ സോനം അവിടെ ഏറെ പ്രതിസന്ധികൾ നേരിട്ടുഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാനറിയാത്ത സോനം കുട്ടികൾക്കിടയിൽ ഒരു പരിഹാസ കഥാപാത്രമായി.മരിക്കാൻ മാത്രമാണ് താനെന്ന് ആഗ്രഹിച്ചതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.

ശാസ്ത്രത്തിൽ ഏറെ തൽപ്പരനായിരുന്ന അദ്ദേഹം 1987 ൽ ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്ക് ബിരുദം നേടി.1988-ൽ പരീക്ഷയിൽ 'പരാജയപ്പെട്ടു' എന്ന് മുദ്രകുത്തപ്പെട്ട ലഡാക്കിലെ കുട്ടികൾക്കായി അദ്ദേഹം SECMOL എന്ന സ്ഥാപനം തുടങ്ങി .സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആ ക്യാമ്പസിൽ കുട്ടികൾ പഠിച്ചത് പുസ്തകത്തിൽ നിന്നല്ല ,ജീവിതത്തിൽ നിന്നാണ്.ലഡാക്കിലെ സർക്കാർ സ്‌കൂളുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ സജ്ജമാക്കുന്ന ഓപ്പറേഷൻ ന്യൂ ഹോപ് പദ്ധതിയ്ക്ക് ചുക്കാൻ പിടിച്ചതും സോനമായിരുന്നു

ലഡാക്കിലെ ജലക്ഷാമം പരിഹരിക്കാൻ അദ്ദേഹം കണ്ടുപിടിച്ചതാണ് ഐസ് സ്തൂപങ്ങൾ .ശൈത്യകാല ജലം മഞ്ഞുഗോപുരങ്ങളായി സൂക്ഷിച്ച്, വേനലിൽ കൃഷിക്ക് ഉപയോഗിക്കുന്ന കൃത്രിമ ഹിമാനികൾ അദ്ദേഹം നിർമ്മിച്ചു. അദ്ദേഹത്തിൻറെ ഈ മഹത്തായ കണ്ടുപിടുത്തത്തിന് 2018ൽ ഏഷ്യയിലെ ഉന്നത ബഹുമതിയായ മാഗ്സസേ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.2021 ഫെബ്രുവരിയിൽ വാങ്ചുക് ഇന്ത്യൻ സൈന്യത്തിനായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ടെന്റുകൾ വികസിപ്പിച്ചു.

2019-ൽ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായതോടെ, സംസ്ഥാന പദവിക്കും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ സംരക്ഷണത്തിനും വേണ്ടിയുള്ള സമരങ്ങളുടെ മുഖമായി അദ്ദേഹം മാറി .സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി 2025 സെപ്റ്റംബറിൽ ലഡാക്കിലെ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു.പിന്നാലെ വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അക്രമത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു ആരോപണം

2026 ജൂൺ 28 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ അദ്ദേഹം അനിശ്ചിതകാല സമരം ആരംഭിച്ചത് മറ്റൊന്നിനും വേണ്ടിയായിരുന്നില്ല.രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളിലെ അഴിമതിക്കെതിരെയും ,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമായിരുന്നു .ജൂലൈ 18-ന് ഡൽഹി പോലീസ് അദ്ദേഹത്തെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നുസോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.21 ദിവസത്തെ നിരാഹാര സമരത്തിൽ 8.5 കിലോ ശരീരഭാരം അദ്ദേഹത്തിന് കുറഞ്ഞിരുന്നു, രക്തസമ്മർദ്ദം താഴ്ന്ന നിലയിൽ ആയിരുന്നു. നിലവിൽ സോനം മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്.