വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ; സഹായത്തുക വർധിപ്പിച്ച് സർക്കാർ
വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം സർക്കാർ വർധിപ്പിച്ചു. സഹായത്തുക 10 ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ നടപടി.
പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട നിബന്ധനകളിലും മന്ത്രിസഭ ഇളവുകൾ പ്രഖ്യാപിച്ചു. പട്ടയങ്ങളിൽ പതിപ്പിച്ചു നൽകിയ സ്ഥലങ്ങൾ നിലവിൽ വീട് നിർമ്മാണത്തിനും കൃഷി ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ അത്തരം ഭൂമിയിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടത്താമെന്ന് സർക്കാർ തീരുമാനിച്ചു. മലയോര മേഖലയിലുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ, സംസ്ഥാനത്തെ പുതിയ സിനിമാ നയത്തിനും മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി.
അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ന് തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് മന്ത്രിസഭാ യോഗം വീണ്ടും ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായാണ് ഈ തുക വർദ്ധനവിനെ വിലയിരുത്തുന്നത്.
