പിണറായി വിജയനാണ് നയിക്കുന്നതെങ്കിൽ അടുത്തതവണയും എല്‍ഡിഎഫിനെ പിന്തുണയ്ക്കും: കെ.ഡി.എഫ്

  1. Home
  2. Trending

പിണറായി വിജയനാണ് നയിക്കുന്നതെങ്കിൽ അടുത്തതവണയും എല്‍ഡിഎഫിനെ പിന്തുണയ്ക്കും: കെ.ഡി.എഫ്

pinarayi vijayan


പിണറായി വിജയനാണ് നയിക്കുന്നതെങ്കിൽ കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്.) അടുത്ത തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ. സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ പൂർണമായി ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ സംവിധാനങ്ങളോ ഇടതുപക്ഷമോ പൂർണമായി വിജയിച്ചിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും ജാതിസെൻസസ് അനിവാര്യമാണെന്ന രാഹുൽഗാന്ധിയുടെ നിലപാടിനൊപ്പമാണ് കെ.ഡി.എഫ്. എന്നും രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ്. നടത്തിയ അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വേദിയിൽ ഉള്ളപ്പോഴാണ് രാമഭദ്രൻ നിലപാട് വ്യക്തമാക്കിയത്. മറ്റുചില കാര്യങ്ങൾകൂടി ഇവിടെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ അക്കാര്യങ്ങൾ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടിപറഞ്ഞു. അയ്യങ്കാളിയുടെ ചെറുമകനായ പി.കെ. അനിയനെ വേദിയിൽ ആദരിച്ചു.

ആന്റണി രാജു എം.എൽ.എ., എഴുത്തച്ഛൻ സമാജം പ്രസിഡന്റ് പി.ആർ. സുരേഷ്, ദളിത് ആദിവാസി മഹാസഖ്യം പ്രസിഡന്റ് രാമചന്ദ്രൻ മുല്ലശ്ശേരി, ദളിത് ആദിവാസി മഹാസഖ്യം ജനറൽ സെക്രട്ടറി കെ. രവികുമാർ, കെ.ഡി.എം.എഫ്. സംസ്ഥാന പ്രസിഡന്റ് മധുമോൾ പഴയിടം, മുൻ സംസ്ഥാന പ്രസിഡന്റ് പി. സരസ്വതി, വേലൻ പരവൻ മണ്ണാൻസഭ ജനറൽ സെക്രട്ടറി ആർ. രാജേഷ്, ഓൾ ഇന്ത്യ വീരശൈവസഭ അധ്യക്ഷൻ കെ. ഗോകുൽദാസ്, രാജൻ വെമ്പിളി തുടങ്ങിയവർ സംസാരിച്ചു.