വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ; പിന്നാലെ 19 കാരി ഗർഭിണി, ഡി.എൻ.എ പരിശോധനയിൽ മന്ത്രവാദി കുടുങ്ങി
വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാളികാവ് കെ എ കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 19 കാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ബോധം കെടുത്തിയ ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് ഗർഭിണിയായി. കുട്ടിയുടെ ഡി എൻ എ പരിശോധനയടക്കം നടത്തിയുള്ള തെളിവുകളാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ടി സജീവനാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് ജനിച്ച കുട്ടിയുടെ ഡി എൻ എ പരിശോധന നടത്തി നിലമ്പൂർ ഇൻസ്‌പെക്ടർ പി വിഷ്ണുവാണ് അന്വേഷണം പൂർത്തീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസാണ് കേസിൽ ഹാജരായത്.
ശാരീരികമായും മാനസികമായും അവശയായ അതിജീവിത വ്യക്തമായ രീതിയിൽ സംസാരിക്കാൻ കഴിയാത്ത നിലയിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. ശിക്ഷ ലഭിച്ചതോടെ പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.