കൊല്ലത്ത് വീണ്ടും ആരോഗ്യപ്രവർത്തകയ്ക്കുനേരെ ആക്രമണം; വനിതാ ഡോക്‌ടറെ സ്ത്രീ ചെകിട്ടത്തടിച്ചു

  1. Home
  2. Trending

കൊല്ലത്ത് വീണ്ടും ആരോഗ്യപ്രവർത്തകയ്ക്കുനേരെ ആക്രമണം; വനിതാ ഡോക്‌ടറെ സ്ത്രീ ചെകിട്ടത്തടിച്ചു

docters


സംസ്ഥാനത്ത് വീണ്ടും ഡോക്‌ടർക്ക് മർദ്ദനം. കൊല്ലം ചവറയിൽ വനിതാ ഡോക്‌ടറെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മർദ്ദിക്കുകയായിരുന്നു. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ. ജാൻസി ജെയിംസിനുനേരെയാണ് അക്രമമുണ്ടായത്.

രോഗിക്കൊപ്പമെത്തിയ സ്ത്രീ ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും ഇതിന്റെ ആഘാതത്തിൽ കമ്മൽ ഉൾപ്പെടെ തെറിച്ചുപോയെന്നും ഡോക്‌ടറുടെ പരാതിയിൽ പറയുന്നു. പലതവണ മോശമായി സംസാരിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഇതിന് പിന്നാലെയായിരുന്നു മർദ്ദനമെന്നും ഡോക്‌‌ടർ പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു ഡോക്‌ടർക്കുനേരെ അക്രമമുണ്ടായത്. രോഗി മുൻപ് കഴിച്ചിരുന്ന ഗുളിക ഡോക്‌ടർ പരിശോധിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തതും പ്രകോപനത്തിനിടയാക്കി. തുടർന്ന് വാക്കുതർക്കത്തിനിടെ സ്ത്രീ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനുപിന്നാലെ രാത്രിതന്നെ പൊലീസ് എത്തിയെങ്കിലും കേസെടുത്തില്ലെന്ന് ഡോക്‌ടർ ആരോപിച്ചു. ഡോക്‌ടർ ചവറ പൊലീസിന് പരാതി നൽകി.

കഴിഞ്ഞദിവസവും സംസ്ഥാനത്ത് ഡോക്‌ടർക്കുനേരെ ആക്രമണമുണ്ടായിരുന്നു. കോഴിക്കോട് കോടഞ്ചേരിയിലെ ഹോളിക്രോസ് ആശുപത്രിയിലെ ഡോക്‌ടർ സുസ്‌മിതിനാണ് മർദനമേറ്റത്. സംഭവത്തിൽ കോടഞ്ചേരി സ്വദേശി റംജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അർദ്ധരാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. ഡോക്ടറെ മർദിക്കുന്നതിനൊപ്പം അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രോഗി ഡോക്ടറെ അസഭ്യം പറയുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണാം.