യുവതിക്ക് ജിമ്മിൽ വെച്ച് കുത്തേറ്റു; വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പകയെന്ന് പോലീസ്
വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവതിയെ ജിമ്മിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ചു. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയ്ക്ക് സമീപമുള്ള വനിതാ ജിമ്മിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിന് ശേഷം യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ കൊച്ചോട്ട്കോണം സ്വദേശിനി കാവ്യ (24) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും, വിഷം കഴിച്ച പാറശ്ശാല കരുമാനൂർ സ്വദേശി അശ്വന്ത് (26) തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
പ്ലാമൂട്ടുക്കടയിലെ വനിതാ ജിമ്മിൽ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു കാവ്യ. മുൻപരിചയമുണ്ടായിരുന്ന അശ്വന്ത് കാവ്യയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നുവെങ്കിലും കാവ്യ ഇത് നിരസിച്ചിരുന്നു. തുടർന്ന് അശ്വന്തിനെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ജിമ്മിന് സമീപം കാത്തുനിന്ന അശ്വന്ത്, അവിടെയുണ്ടായിരുന്നവർ പുറത്തുപോയ സമയം നോക്കി കാവ്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ കാവ്യ ഉടൻ ജിമ്മിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
ഈ സമയത്താണ് അശ്വന്ത് കൈവശം കരുതിയിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജിമ്മിലെത്തിയ പൊതുപ്രവർത്തകരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാവ്യയെ ആദ്യം കണ്ടത്. ഉടൻ തന്നെ കാവ്യയെ ആശുപത്രിയിൽ എത്തിച്ചു. സ്ഥലത്തെത്തിയ പാറശ്ശാല പോലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും വിഷം കഴിച്ച വിവരം വെളിപ്പെടുത്തിയതോടെ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പാറശ്ശാല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
