കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവം; മൃതദേഹം നാടുകാണി ചുരത്തിൽ കണ്ടെത്തി

  1. Home
  2. Trending

കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവം; മൃതദേഹം നാടുകാണി ചുരത്തിൽ കണ്ടെത്തി

sainaba


കോഴിക്കോട് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്ന് പോലീസ് കണ്ടെത്തി. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.  മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കസബ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

പ്രതിയായ സമദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കും. സൈനബയുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. നവംബർ ഏഴിനാണ് സൈനബയെ കാണാതാകുന്നത്. ഏഴാം തീയതി ഉച്ചയോടെ സൈനബയെ സുഹൃത്ത് മലപ്പുറം സ്വദേശി സമദും സുഹൃത്തായ ഗൂഢല്ലൂർ സ്വദേശി സുലൈമാനും ചേർന്ന് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് കാറിൽ കയറ്റി കൊണ്ടുപോയത്. മുക്കം ഭാഗത്ത് വെച്ച് കാറിൽ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് ഇടുകയായിരുന്നെന്നാണ് മൊഴി.

സൈനബയെ സമദും സുലൈമാനും തട്ടിക്കൊണ്ടുപോയത് വർഷങ്ങളായുള്ള പരിചയം മുതലെടുത്താണ്. സൈനബ നിരവധി ആഭരണങ്ങൾ ധരിക്കുന്ന കാര്യം സമദാണ് സുലൈമാനോട് പറഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് സ്വർണം തട്ടിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. സമദ് ആവശ്യപ്പെട്ട പ്രകാരം നവംബർ ആറിനാണ് സുലൈമാൻ ഗൂഡല്ലൂരിൽ നിന്നും തിരൂരിൽ എത്തിയത്. അന്നേ ദിവസം തിരൂർ ആശുപത്രിക്ക് സമീപം സുലൈമാൻ മുറിയെടുത്ത് താമസിച്ചു.

ഏഴാം തീയതി സുലൈമാനും സമദും ചേർന്ന് സുഹൃത്തിന്റെ ആൾട്ടോ കാർ വാടകക്കെടുത്താണ് കോഴിക്കോട്ട് എത്തിയത്. താനൂരിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിഞ്ഞാൽ 10000 രൂപ തരാമെന്ന് പറഞ്ഞാണ് കോഴിക്കോട് പുതിയ ബസ്റ്റാന്റിന് അടുത്ത് നിന്നും സൈനബയെ കാറിൽ കയറ്റിയത്. സമദിന്റെ കുന്നുംപുറത്തെ വീട്ടിൽ വെച്ച് സൈനബയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായിരുന്നു സമദിന്റെ ലക്ഷ്യം. എന്നാൽ വീട്ടിൽ എത്തിയ സമയത്ത് വീട്ടിൽ ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നതിനാൽ ഉദ്ദേശം സാധിച്ചില്ല. തുടർന്ന് സമദ് മൊബൈൽ ഫോൺ വീട്ടിൽ വെച്ച് തിരികെ കാറിൽ കയറുകയും അസുഖബാധിതനായ ആളുടെ വീട്ടിൽ മറ്റാരൊക്കെയോ ഉള്ളതിനാൽ അവിടെ പോകാൻ കഴിയില്ലെന്ന് പറയുകയുമായിരുന്നു.

തിരികെ കോഴിക്കോട് വിടാമെന്ന് പറഞ്ഞാണ് ഇരുവരും സൈനബയുമായി യാത്ര തുടർന്നത്. തുടർന്ന് കൂടെ വന്നതിന് സൈനബ 2000 രൂപ ആവശ്യപ്പെട്ടു. വൈകീട്ട് അഞ്ചരയോടെ വാഹനം മുക്കത്തിന് അടുത്ത് എത്തിയെന്നും അവിടെ വച്ച് പിൻ സീറ്റിലിരുന്ന സമദ് തൊട്ടടുത്തിരുന്ന സൈനബയുടെ കഴുത്തിൽ അവരുടെ ഷാൾ ഉപയോഗിച്ച് മുറുക്കിയെന്നും ഷാൾ വരിഞ്ഞ് മുറുക്കാൻ വാഹനം ഓടിച്ചിരുന്ന സുലൈമാൻ സഹായിച്ചെന്നും സമദിന്റെ മൊഴിയിൽ ഉണ്ട്. ശ്വാസം നിലച്ചതായി ഉറപ്പിച്ചതോടെ ആഭരണങ്ങൾ ഇരുവരും ചേർന്ന് കൈക്കലാക്കി. ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയ പണവും ഇരുവരും എടുത്തു. സൈനബയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.

രാത്രി എട്ടുമണിയോടെയാണ് സൈനബയുടെ മൃതദേഹം ഇരുവരും ചേർന്ന് ചുരത്തിൽ നിന്ന് താഴ്ചയിലേക്കിട്ടത്. അവിടെ നിന്ന് അതേ കാറിൽ ഗൂഡല്ലൂരിൽ സുലൈമാൻ താമസിച്ചിരുന്ന മുറിയിൽ എത്തിയ ഇരുവരും അവിടെ വച്ച് പണം വീതിച്ചെടുത്തു. സമദിന്റെ മുണ്ടിൽ രക്തക്കറ ഉണ്ടായിരുന്നതിനാൽ കഴുകി വൃത്തിയാക്കി കടയിൽ പോയി പുതിയ വസ്ത്രം ധരിക്കുകയും ചെയ്തു. അന്നേ ദിവസം ആ മുറിയിലാണ് ഇരുവരും താമസിച്ചത്. പിറ്റേ ദിവസം സൈനബയുടെ ബാഗും ഫോണും സമദിന്റെ വസ്ത്രങ്ങളും കത്തിക്കാനെന്ന് പറഞ്ഞ് സുലൈമാൻ കുറച്ച് ആളുകളെ കൂട്ടി മുറിയിൽ എത്തിയെന്നും ഇവർ ചേർന്ന് സമദിന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണം തട്ടിയെടുത്തെന്നും സമദ് പോലീസിനോട് പറഞ്ഞു.