ബെംഗളൂരു റെയില്‍വെ സ്റ്റേഷനിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സീരിയല്‍ കില്ലിംഗ് എന്ന് സംശയം

  1. Home
  2. Trending

ബെംഗളൂരു റെയില്‍വെ സ്റ്റേഷനിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സീരിയല്‍ കില്ലിംഗ് എന്ന് സംശയം

death


ബെംഗളൂരുവിലെ എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലുള്ള ഡ്രമ്മില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ  ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും സമാന രീതിയിൽ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്. തുടര്‍ച്ചയായി കൊലപാതകങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഇതൊരു സീരിയല്‍ കില്ലിംഗ് ആണെന്നാണ് പൊലീസ് നിഗമനം. 

തിങ്കളാഴ്ച്ച രാവിലെ മുതലാണ് ടെർമിനലിൽ ദുർഗന്ധം ഉണ്ടായത്. എന്നാൽ ഇത് ഇവിടെ നിന്നാണെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നില്ല. വൈകിട്ടോടെ ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേർന്നുള്ള ഡ്രമ്മിൽ നിന്നാണ് ദുർഗന്ധം വരുന്നതെന്ന് തിരിച്ചറിയുകയും, തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അത് സീൽ ചെയ്യുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടർന്ന് ബെംഗളൂരു പൊലീസ് സൂപ്രണ്ട് ഡോ സൗമ്യലത എസ് കെ അടക്കമുള്ള റെയിൽവെ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഡ്രം മുറിച്ച് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധർ, ഫോറൻസിക് എന്നിവർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചെന്നും, ഒരു സ്നിഫർ ഡോഗ് സ്ക്വാഡിനെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ.സൗമ്യലത പറഞ്ഞു. 
 
ജനുവരി 4 നാണ് സമാനരീതിയിൽ ഒരു സ്ത്രീയുടെ മൃതദേഹം യശ്വന്ത്പൂര്‍ റെയില്‍വെ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. ഇടതിന് മുൻപ് ഡിസംബർ 6 ന് ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസിന്റെ കമ്പാർട്ടുമെന്‍റിനുള്ളില്‍ നിന്നും മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. 30 വയസ്സ് പ്രായമുള്ളവരാണ് മരിച്ച മൂന്നു സ്ത്രീകളും.