സ്ത്രീധനസമ്പ്രദായം തിരുവനന്തപുരത്ത് വ്യാപകം: വനിതാ കമ്മിഷൻ അധ്യക്ഷ
ജില്ലാതല സിറ്റിങ്ങിന്റെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
ഗ്രാമപ്രദേശങ്ങളിലാണ് ഇതു കൂടുതലുള്ളത്. അക്കൗണ്ടിലൂടെ വധുവിന്റെ അച്ഛൻ പണം കൈമാറിയൊരു കേസ് സിറ്റിങ്ങില്‍ പരിഗണനയ്ക്ക് എത്തി. വിവാഹശേഷം അടുക്കള കാണുന്ന ചടങ്ങില്‍ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിനല്‍കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ആളുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി വിവാഹം കഴിക്കുന്നുവെന്നത് ഗൗരവതരമാണ്. ഗാര്‍ഹിക പീഡനക്കേസുകളായും സ്ത്രീധനക്കേസുകളായും ഇവ പിന്നീടു മാറുന്നുണ്ട്.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ രണ്ടു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ കമ്മിഷന്റെ നിര്‍ദേശം ഉണ്ടായിട്ടും നല്‍കാതിരിക്കുന്ന സ്ഥിതിയുണ്ട്. ഈ മേഖലയില്‍ സ്ത്രീകളാണ് കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത്. കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരേ നടപടിക്ക് ചൈല്‍ഡ് ലൈന് കമ്മിഷൻ നിര്‍ദേശം നല്‍കി.
മദ്യപിച്ചുവന്ന് ഭാര്യയെയും രണ്ടു മക്കളെയും അച്ഛൻ ഉപദ്രവിക്കുന്നതായ പരാതി പരിഗണിക്കുമ്ബോഴാണ് മദ്യപിക്കാൻ കൗമാരക്കാരനായ മകനെ അച്ഛൻ ബാറില്‍ കൊണ്ടുപോകുന്നുവെന്ന വിവരം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. അച്ഛന്റെ മദ്യപാനം മൂലം മക്കള്‍ക്ക് പഠിക്കുന്നതിനു കഴിയാത്ത സ്ഥിതിയാണെന്നും കമ്മിഷനു ബോധ്യപ്പെട്ടു.
വീതംവച്ച വസ്തുക്കള്‍ സ്വന്തമാക്കിയ ശേഷം മൂന്നു മക്കള്‍ അമ്മയെ നോക്കുന്നില്ലെന്ന പരാതി സിറ്റിങ്ങില്‍ പരിഗണനയ്‌ക്കെത്തി. ഇതില്‍ കുടുംബവീടും സ്ഥലവും ലഭിച്ച മകനും മരുമകളുംകൂടി അമ്മയെ വീടിനുള്ളില്‍ കയറ്റുന്നില്ല.
അമ്മ അയല്‍പക്കത്തുനിന്ന് ഒരാളെ കൂട്ടിയാണ് സിറ്റിങ്ങിന് എത്തിയത്. നടപടി സ്വീകരിക്കുന്നതിന് ഈ പരാതി ആര്‍.ഡി.ഒ.യ്ക്കു കൈമാറാൻ വനിതാ കമ്മിഷൻ തീരുമാനിച്ചു.
അദാലത്തിന്റെ രണ്ടാം ദിവസം 200 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 63 കേസുകള്‍ തീര്‍പ്പാക്കി. ഒൻപത് കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ഒരു കേസ് കൗണ്‍സിലിങ്ങിനു വിട്ടു.