വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: പുതിയ പാർലമെന്റിലെ ആദ്യ ബിൽ, പഴയ ബിൽ നിലവിലുണ്ടെന്ന് കാണിച്ച് പ്രതിപക്ഷ പ്രതിഷേധം

  1. Home
  2. Trending

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: പുതിയ പാർലമെന്റിലെ ആദ്യ ബിൽ, പഴയ ബിൽ നിലവിലുണ്ടെന്ന് കാണിച്ച് പ്രതിപക്ഷ പ്രതിഷേധം

Sabha


പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി വനിതാ സംവരണ ബില്ല് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ചു. നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഇതോടെ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യും. ഇത്‌ നിലവിൽ വന്നാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി പറഞ്ഞു.
മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതിനാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. ബില്‍ പ്രകാരം പട്ടിക ജാതി - വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും.
ഇതിനിടെ നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. എന്നാൽ മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.
യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നാണ് ഇതറിയപ്പെടുന്നത്. രാജ്യസഭയില്‍ അന്ന് നടന്ന ബില്‍ ചര്‍ച്ചയ്ക്കിടയില്‍ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. എന്നിവർ എതിര്‍പ്പ് അറിയിച്ച് ബില്ലിന്റെ പ്രതികള്‍ കീറിയെറിഞ്ഞിരുന്നു. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാര്‍ട്ടികളുടെ വാദം. രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് പിന്നീട് ഈ ബില്‍ ലോക്സഭ പരിഗണിച്ചിരുന്നില്ല.