തലകറക്കവും തളർച്ചയും, ഓക്‌സിജൻ കുറയുന്നു; തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ആരോഗ്യ നില അപകടത്തിൽ

  1. Home
  2. Trending

തലകറക്കവും തളർച്ചയും, ഓക്‌സിജൻ കുറയുന്നു; തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ആരോഗ്യ നില അപകടത്തിൽ

UTHARA


ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്നുവീണ തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ജീവൻ അപകടത്തിലെന്ന് ആശങ്ക. അഞ്ച് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യപ്രശ്‌നങ്ങളും വർധിക്കാൻ തുടങ്ങി. 

അഞ്ച് ദിവസമായി ചെറിയ സ്ഥലത്ത് ഞെരുങ്ങി കഴിയേണ്ടി വന്നത് തൊഴിലാളികളിൽ മാനസികവും ശരീരികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ സാരമായി ബാധിച്ചു. നിസ്സഹായരായി എന്ന ഭയവും സമയം തള്ളിനീക്കാനാകാത്തതും തൊഴിലാളികളുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൺസൾട്ടന്റ് ഡോ.അർച്ചന ശർമ പറഞ്ഞു. ഓക്‌സിജന്റെയും കാർബൺ ഡൈ ഓക്‌സൈഡിന്റെയും അളവ് ആരോഗ്യത്തെ സാരമായി ബാധിച്ചു തുടങ്ങി. താപനിലയിലെ വ്യതിയാനം മൂലം ബോധംകെട്ടുവീഴാനുള്ള സാഹചര്യവും തളർച്ചയും ഏറുകയാണ്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ തൊഴിലാളികളുടെ ജീവൻ തീർത്തും അപകടത്തിലാകുമെന്നും അവർ പറഞ്ഞു.

ഡൽഹിയിൽനിന്നെത്തിച്ച യുഎസ് നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ, തലകറക്കവും തലവേദനയും അനുഭവപ്പെട്ട 2 തൊഴിലാളികൾക്കു മരുന്നെത്തിച്ചു. എല്ലാവരെയും പുറത്തെത്തിക്കുമ്പോൾ അടിയന്തര ആവശ്യങ്ങൾക്കായി തുരങ്കത്തിനു സമീപം 6 കിടക്കകളുള്ള താൽക്കാലിക ആശുപത്രി സജ്ജമാണ്. തുരങ്കത്തിനുള്ളിലേക്കു ഭക്ഷണവും വെള്ളവും പൈപ്പ് വഴിയെത്തിക്കുന്നുണ്ട്.