ലോകകപ്പ് ഇനി പുതിയ ഫോർമാറ്റിൽ; 12 ഗ്രൂപ്പുകളിൽ നിന്നായി 48 രാജ്യങ്ങൾ മത്സരിക്കും

അടുത്ത ഫിഫ ഫുട്ബോൾ ലോകകപ്പ് മുതൽ മത്സരത്തിൽ 48 രാജ്യങ്ങൾ പങ്കെടുക്കും. ഇതോടെ നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും മത്സരമുണ്ടായിരിക്കുക. അത്തരത്തിൽ 104 മത്സരങ്ങൾ നടക്കും. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിലെ മത്സരങ്ങളെക്കാൾ 64 എണ്ണം കൂടുതലായിരിയ്ക്കും ഇനി മുതൽ ഉണ്ടാവുക. ലോകകപ്പിന്റെ ഈ പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിച്ചു.
2026ൽ നോർത്ത് അമേരിക്ക യിൽ നടക്കുന്ന ലോകകപ്പ് മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. പുതിയ ഫോർമാറ്റ് പ്രകാരം പന്ത്രണ്ട് ഗ്രൂപ്പുകളിൽ നിന്നുള്ള ആദ്യത്തെ രണ്ടു സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. അതിനു വേണ്ടി ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുള്ള പ്രീ ക്വാർട്ടർ റൗണ്ടിന് മുൻപായി ഒരു റൗണ്ട് മത്സരങ്ങൾ കൂടി ടീമുകൾ കളിക്കേണ്ടി വരും. അതേസമയം 2026 ൽ നടക്കുന്ന ലോകകപ്പിന്റെ ഫൈനൽ മത്സരം ജൂലൈ 19 ഞായറാഴ്ച ആയിരിക്കുമെന്നും ഫിഫ മീറ്റിങ്ങിൽ തീരുമാനിച്ചിട്ടുണ്ട്.