ഷവോമിയുടെ 17 സീരീസ് ഫോണുകളുടെ ലോഞ്ച് നാളെ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ 17 സീരീസ് ഫോണുകൾ നാളെ ചൈനയിൽ വിപണിയിൽ അവതരിപ്പിക്കും. 17 സീരീസിന് കീഴിൽ മൂന്ന് മോഡലുകളാണ് ഉള്ളത്. ഷവോമി 17, 17 പ്രോ, 17 പ്രോ മാക്സ് എന്നിവയാണ് വിപണിയിൽ അവതരിപ്പിക്കുക. സ്റ്റാൻഡേർഡ് ഷവോമി 17, 17 പ്രോ എന്നിവ ഡിസ്പ്ലേ സ്പെസിഫിക്കേഷനുകൾ പങ്കിട്ടിട്ടുണ്ട്.
രണ്ടിലും 6.3 ഇഞ്ച് ഫ്ലാറ്റ് OLED സ്ക്രീനാണ് വരുന്നത്. ഈ ഡിസ്പ്ലേകൾക്ക് 19.6:9 വീക്ഷണാനുപാതം ഉണ്ടായിരിക്കും. പുതിയ സീരീസിലെ മൂന്ന് മോഡലുകളും M10 സ്ക്രീൻ ലുമിനസെൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും തിളക്കമുള്ള ഡിസ്പ്ലേയായിരിക്കും ഫോണിന് ലഭിക്കുക എന്ന് കമ്പനി അവകാശപ്പെടുന്നു.
17 പ്രോ മാക്സ് മറ്റു രണ്ടു മോഡലുകളിൽ നിന്ന് വേറിട്ട് നിൽക്കും.പരമ്പരാഗത 2K ഡിസ്പ്ലേകളുമായി താരതമ്യപ്പെടുത്തുമ്പോൾ 26 ശതമാനം കുറവ് പവർ മാത്രം ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായാണ് പ്രോ മാക്സ് വരുന്നത്. കൂടാതെ, 17 പ്രോ, 17 പ്രോ മാക്സ് മോഡലുകളിൽ കമ്പനിയുടെ പുതിയ ജിൻഷാജിയാങ് ബാറ്ററി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
100W വയർഡ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മൂന്ന് ഫോണുകൾക്കും Qualcomm-ന്റെ വരാനിരിക്കുന്ന Snapdragon 8 Elite Gen 5 ചിപ്സെറ്റ് കരുത്തുപകരുമെന്ന് കരുതുന്നു. ഷവോമി Hyper OS 3 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുക.
