പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ആർസിബി താരം യാഷ് ദയാലിനെതിരെ പോക്സോ കേസ്

  1. Home
  2. Trending

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ആർസിബി താരം യാഷ് ദയാലിനെതിരെ പോക്സോ കേസ്

yash dayal  


ഐപിഎൽ മത്സരത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പോക്സോ കേസെടുത്ത് ജയ്പൂർ പോലീസ്. കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരിൽ വെച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന് ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തു. നേരത്തെ ഗാസിയാബാദിൽ നിന്നുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലും യാഷ് ദയാലിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതി ഉയർന്നത്. ഗാസിയാബാദിലെ പീഡനക്കേസിൽ യാഷ് ദയാലിനെ കസ്റ്റഡിയിൽ എടുക്കുന്നത് അലഹാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ദയാലിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ജയ്പൂരിലെ സാൻഗാനർ സദാർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൗമാരക്കാരിയായ പെൺകുട്ടിക്ക് പ്രഫഷണൽ ക്രിക്കറ്റിൽ വളരാനുള്ള അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് വർഷത്തോളം യാഷ് ദയാൽ പീഡിപ്പിച്ചതെന്നാണ് പരാതി. രണ്ട് വർഷം മുമ്പ് ക്രിക്കറ്റിലൂടെയാണ് പെൺകുട്ടി യാഷ് ദയാലിനെ പരിചയപ്പെടുന്നത്. പിന്നീട് രണ്ട് വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിടെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി ജയ്പൂരിലെത്തിയപ്പോൾ സീതാപുരയിലെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി യാഷ് ദയാൽ പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും പെൺകുട്ടിയുടെ പരാതിയിലുണ്ട്.

യാഷ് ദയാൽ വർഷങ്ങളായി തുടരുന്ന മാനസിക, ശാരീരിക പീഡനങ്ങളും ബ്ലാക്ക് മെയ്‌ലിംഗും സഹിക്കാനാവാതെ ഈ മാസം 23നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആദ്യം പീഡനത്തിനിരയാവുമ്പോൾ 17 വയസു മാത്രമാണ് പ്രായമെന്നതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് യാഷ് ദയാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ കന്നി ഐപിഎൽ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് യാഷ് ദയാൽ. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിലെ റിസർവ് താരമായി യാഷ് ദയാൽ ടീമിലെത്തിയിരുന്നു.