ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു; മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്

  1. Home
  2. Trending

ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു; മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്

tribal-youth-sarun-saji-threatened-to-commit-suicide


തന്നെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് യുവാവ് മരത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തന്‍പുരക്കല്‍ സരുണ്‍ സജിയാണ് കിഴുകാനം ഫോറസ്റ്റ് സ്‌റ്റേഷനിലെ പ്ലാവിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. സംഭവത്തിൽ സസ്‌പെന്‍ഷനിലായ മുഴുവന്‍ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നു. 

തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് സരുണ്‍ സജി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. 2022 സെപ്റ്റംബര്‍ 20-നായിരുന്നു ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ചായിരുന്നു ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തന്‍പുരക്കല്‍ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍കുമാറും സംഘവും ചേർന്ന് അറസ്റ് ചെയ്ത് ജയിലിൽ അടച്ചത്. ജാമ്യംലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ നിരാഹാരസമരം നടത്തിയതോടെ വനംവകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിലാണ്  സരുണിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. 

സംഭവത്തിൽ സരുണ്‍ സജി നല്‍കിയ പരാതിയെ തുടർന്ന് 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തെന്നല്ലാതെ മറ്റൊരു നടപടിയും എടുത്തില്ലെന്നും ആരോപണമുണ്ട്. തനിക്ക് ഒരുനിലയിലും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുവാവ് പ്രതിഷേധിക്കുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്ത തീരുമാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം സരുണ്‍ സജി പറഞ്ഞിരുന്നു.