വയനാട് ഉരുൾപ്പൊട്ടൽ: ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്

  1. Home
  2. Trending

വയനാട് ഉരുൾപ്പൊട്ടൽ: ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്

congress


വയനാട് ഉരുൾപൊട്ടൽ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് അകത്തു കയറാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്. മൂന്ന് തവണ പൊലീസ് ലാത്തി വീശി. പ്രധാന ഗേറ്റ് പ്രവർത്തകർ കടക്കാൻ ശ്രമിച്ചപ്പോൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ആദ്യം തടഞ്ഞിരുന്നു. ഇതിന് ശേഷം ബാരിക്കേഡില്ലാത്ത മറ്റൊരു ഗേറ്റ് വഴി പ്രവർത്തകർ കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് എത്തിയത്.

police lathi in youth congress march over wayanad landslide

അതിനിടെ സ്ഥലത്ത് സമരം നടത്തുകയായിരുന്ന എൻജിഒ യൂണിയൻ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലും വാക്ക് തർക്കമുണ്ടായി. ഈ വാക്ക് തർക്കത്തിനിടെ പ്രവർത്തകരെ പിരിച്ച് വിടാൻ വേണ്ടിയും പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഇതിന് ശേഷം പ്രവർത്തകരും പൊലീസും തമ്മിൽ നേരിട്ട് വാക്കുതർക്കവും സംഘർഷവുമുണ്ടാകുകയായിരുന്നു. ഇത് ഒഴിവാക്കാനും പൊലീസിന് ലാത്തി വീശേണ്ടി വന്നു.

യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ ജോയ്, അരുൺദേവ്, ജംഷീർ പള്ളിവയലിൻ തുടങ്ങിയവർക്ക് പരിക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നിലവിൽ പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.