വിവാദ പരാമർശം: എ.കെ. ബാലന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
വിവാദ പ്രസ്താവനയുടെ പേരിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് അയച്ച നോട്ടീസിലെ ആവശ്യം. വാർത്താസമ്മേളനം വിളിച്ച് പ്രസ്താവന തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
എ.കെ. ബാലന്റെ പ്രസ്താവന സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതും കലാപാഹ്വാനത്തിന് തുല്യവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു. അടുത്ത തവണ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്നും അങ്ങനെ സംഭവിച്ചാൽ 'മാറാട്' മോഡൽ കലാപങ്ങൾ ആവർത്തിക്കുമെന്നുമായിരുന്നു ബാലന്റെ വിവാദ പരാമർശം. മതസംഘടനയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കാനാണെന്ന് സംഘടന കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷ സമുദായത്തിനിടയിൽ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ തന്ത്രമാണ് എ.കെ. ബാലൻ നടപ്പാക്കുന്നതെന്ന് സതീശൻ വിമർശിച്ചു. രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന ഇത്തരം പ്രസ്താവനകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
