ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ കാത്ത് 34 കപ്പലുകൾ; ധാരണയുമായി യു.എസും ഇറാനും

  1. Home
  2. Business

ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ കാത്ത് 34 കപ്പലുകൾ; ധാരണയുമായി യു.എസും ഇറാനും

hormuz


അമേരിക്കയും ഇറാനും തമ്മിൽ പുതിയ സമാധാന ധാരണയിലെത്തിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാൻ കാത്ത് കിടക്കുന്നത് 34 കപ്പലുകൾ. ഇന്ധനവും രാസവളവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായി ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ഈ കപ്പലുകളുടെ സുരക്ഷ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതിനിടെ, 62,370 ടൺ എൽ.എൻ.ജിയുമായി 'ദിഷ' എന്ന കപ്പൽ ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മേഖലയിലെ സാഹചര്യങ്ങളിൽ നേരിയ പുരോഗതിയുണ്ടെങ്കിലും കപ്പൽ കമ്പനികൾ ഇപ്പോഴും അതീവ ജാഗ്രതയിലാണ്.

ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സ്ഥിരീകരിച്ചു. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ നിലവിൽ രഹസ്യമാണ്. വരും ദിവസങ്ങളിൽ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് സൂചന.

അതേസമയം, നിലവിലെ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇനിയും പൂർണ്ണമായ സമവായത്തിൽ എത്തിയിട്ടില്ല. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കുന്നതിലും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഈ തർക്കവിഷയങ്ങൾ പരിഹരിക്കാൻ വരും ദിവസങ്ങളിൽ ഇരുപക്ഷവും തുടർചർച്ചകൾ നടത്തും.