ദുബായ് വാടക വിപണിയിലേക്ക് 43,000 പുതിയ വീടുകൾ കൂടി; വാടക നിരക്കുകൾ കുറഞ്ഞേക്കുമെന്ന് സൂചന
കഴിഞ്ഞ കുറച്ചു കാലമായി ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ തുടരുന്ന റെക്കോർഡ് കുതിപ്പിന് നേരിയ ശമനം. ഈ വർഷം വിപണിയിലേക്ക് 43,000-ത്തിലധികം പുതിയ വീടുകൾ കൂടി എത്തുന്നതോടെ വാടക നിരക്കുകളിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ വിലയിരുത്തുന്നു. വിപണിയിൽ കൂടുതൽ ഓപ്ഷനുകൾ ലഭ്യമായതോടെ വാടകക്കാർ വിലയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം, വിപണി കൂടുതൽ മത്സരാധിഷ്ഠിതമായി മാറിയിരിക്കുകയാണ്. ലഭ്യമായ വിവിധ താമസസൗകര്യങ്ങൾ താരതമ്യം ചെയ്ത ശേഷം മാത്രമേ വാടകക്കാർ ഇപ്പോൾ തീരുമാനമെടുക്കുന്നുള്ളൂ. അതിനാൽ, വിപണിയിലെ പുതിയ സാഹചര്യം കണക്കിലെടുത്ത് ന്യായമായ വാടക നിശ്ചയിക്കുന്ന വീട്ടുടമസ്ഥർക്ക് മാത്രമേ ഇനി മുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകാനാകൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിയൽ എസ്റ്റേറ്റ് വിപണിയിലെ പുതിയ യൂണിറ്റുകളുടെ കുത്തൊഴുക്കാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ദിയാർ ഡെവലപ്‌മെന്റ് കൈമാറുന്ന 1,436 യൂണിറ്റുകൾക്ക് പുറമെ, നഗരത്തിലെ മുൻനിര ഡെവലപ്പർമാർ ഈ വർഷം മാത്രം 43,217 പുതിയ യൂണിറ്റുകൾ കൂടി വിപണിയിൽ എത്തിക്കും. ഇത്രയധികം വീടുകൾ ഒരേസമയം ലഭ്യമാകുന്നത് വാടകക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുന്നതിനൊപ്പം വിപണിയിലെ കുതിച്ചുചാട്ടം നിയന്ത്രിക്കാനും സഹായിക്കും.
