ആഗോള സ്റ്റാർട്ടപ്പ് സൂചികയിൽ വൻ മുന്നേറ്റവുമായി അബൂദബി; ആദ്യ 50 ലേക്ക് കുതിച്ചെത്തി
ആഗോളതലത്തിൽ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ 50-ൽ ഇടംപിടിച്ച് അബൂദബി ചരിത്രനേട്ടം കൈവരിച്ചു. സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ ഒൻട്രപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി പുറത്തുവിട്ട 2026-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിലാണ് അബൂദബിയുടെ ഈ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ വർഷത്തെ റാങ്കിൽ നിന്നും പത്തിലധികം പടവുകൾ കയറി ഇത്തവണ 41 മുതൽ 50 വരെയുള്ള സ്ഥാനങ്ങളിലേക്കാണ് എമിറേറ്റ്സ് കുതിച്ചെത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അബൂദബിയുടെ സ്റ്റാർട്ടപ്പ് മേഖലയുടെ വിപണി മൂല്യത്തിൽ 3057 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് നിലവിലെ ആകെ ഇക്കോസിസ്റ്റം മൂല്യം 7,340 കോടി ഡോളറായി ഉയർന്നതായി പാരിസിൽ നടന്ന വിവടെക് കോൺഫറൻസിൽ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻനിര ആഗോള ടെക് ഇക്കോസിസ്റ്റമായ ഹബ് 71 നൽകുന്ന ശക്തമായ പിന്തുണയാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്.
മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളുടെ പട്ടികയിൽ നിർമിത ബുദ്ധി അധിഷ്ഠിത സ്റ്റാർട്ടപ്പുകളുടെ വിപണി വലുപ്പത്തിൽ രണ്ടാം സ്ഥാനവും, ഗവേഷണ-പേറ്റന്റ് പ്രവർത്തനങ്ങളിൽ നാലാം സ്ഥാനവും അബൂദബി സ്വന്തമാക്കി. ഫിൻടെക്, ക്ലൈമറ്റ് ടെക്, വെബ്3, ഡിജിറ്റൽ അസറ്റുകൾ, നിർമിത ബുദ്ധി തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകളിലെ അബൂദബിയുടെ പുരോഗതിയാണ് ഈ വളർച്ചയ്ക്ക് വേഗം കൂട്ടിയത്.
