യുഎസ് ഭരണകൂടത്തിന് വൻ തുക പിഴ നൽകി ഒത്തുതീർപ്പിലെത്തി അദാനി ഗ്രൂപ്പ്യുഎസ് ഭരണകൂടത്തിന് വൻ തുക പിഴ നൽകി ഒത്തുതീർപ്പിലെത്തി അദാനി ഗ്രൂപ്പ്
യുഎസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസുമായി (OFAC) 275 മില്യൺ ഡോളറിന്റെ (ഏകദേശം 2,300 കോടിയിലധികം രൂപ) വൻ ഒത്തുതീർപ്പിലെത്തി അദാനി ഗ്രൂപ്പ്. ഇറാനെതിരായ യുഎസിന്റെ അന്താരാഷ്ട്ര ഉപരോധം ലംഘിച്ചതുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ നടന്ന അന്വേഷണത്തിനൊടുവിലാണ് ഈ നടപടി. അന്വേഷണത്തോട് കമ്പനി പൂർണ്ണമായും സഹകരിക്കുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പിഴത്തുക നൽകി ഒത്തുതീർപ്പാക്കാൻ യുഎസ് അനുമതി നൽകിയത്.
യുഎസിന്റെ ഉപരോധം നിലനിൽക്കെ ഇറാനിൽ നിന്നുള്ള എൽപിജി (LPG) ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറക്കുമതി ചെയ്ത സംഭവത്തിലായിരുന്നു അന്വേഷണം. 2023 മുതൽ 2025 ജൂൺ വരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ദുബായിലെ ഇടനിലക്കാർ വഴി വൻതോതിൽ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. ഒമാനിൽ നിന്നും ഇറാഖിൽ നിന്നുമുള്ള എൽപിജി എന്ന വ്യാജേനയായിരുന്നു ഇതെങ്കിലും, യഥാർത്ഥത്തിൽ ഇത് ഇറാനിൽ നിന്നുള്ളതായിരുന്നു എന്ന് ഒഎഫ്എസി കണ്ടെത്തി.
ഇറാനിലെ എൽപിജി വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് 2025-ൽ തങ്ങൾ സ്വയം ഒഎഫ്എസിക്ക് വിവരം റിപ്പോർട്ട് ചെയ്യുകയായിരുന്നെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. തുടർന്ന് 2023 ജൂൺ മുതലുള്ള ഇടപാടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കമ്പനി യുഎസിന് കൈമാറി. ഇതിന് പിന്നാലെ അദാനി എന്റർപ്രൈസസ് എല്ലാ എൽപിജി ഇറക്കുമതിയും നിർത്തിവെക്കുകയും ഉപരോധങ്ങൾ പാലിക്കുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങൾ കർശനമാക്കുകയും ചെയ്തു. അദാനിയുടെ ഈ പരിഹാര നടപടികളാണ് ഒത്തുതീർപ്പ് തുക വലിയ രീതിയിൽ കുറയ്ക്കാൻ കാരണമായതെന്ന് ഒഎഫ്എസി ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ അദാനിക്കെതിരെ യുഎസിലുള്ള മറ്റൊരു സിവിൽ തട്ടിപ്പ് കേസും വൻ തുക പിഴ ഈടാക്കി ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 2024 നവംബറിൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) ചുമത്തിയ സിവിൽ തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കുന്നതിനായി ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും 18 മില്യൺ ഡോളർ പിഴയൊടുക്കാൻ സമ്മതിച്ചതായാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
