ഇന്ധനവില വർധന: എയർ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങൾ റദ്ദാക്കും

  1. Home
  2. Business

ഇന്ധനവില വർധന: എയർ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങൾ റദ്ദാക്കും

AIR INDIA


ആഗോളതലത്തിൽ വിമാന ഇന്ധനവില കുത്തനെ ഉയർന്നതിനെത്തുടർന്ന് എയർ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങൾ റദ്ദാക്കുന്നു. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലെ സർവീസുകളെ ഈ തീരുമാനം ബാധിക്കും. എയർ ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും വലിയ സർവീസ് വെട്ടിച്ചുരുക്കലാണിത്.

നിലവിൽ പ്രതിദിനം 1100 സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഇതിന്റെ പത്ത് ശതമാനത്തോളം സർവീസുകളാണ് ഇപ്പോൾ നിർത്തിവെക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് ടൊറന്റോ, സാൻ ഫ്രാൻസിസ്കോ, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നവയിൽ ഉൾപ്പെടുന്നു.

ഇന്ധനവില വർധനവിനെത്തുടർന്ന് വിമാനക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ പല വിമാനക്കമ്പനികളുടെയും പ്രവർത്തനം അവതാളത്തിലാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് മുന്നറിയിപ്പ് നൽകി. വിമാന ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലും വാറ്റിലും (VAT) അടിയന്തരമായി കുറവ് വരുത്തണമെന്നാണ് കമ്പനികളുടെ ആവശ്യം.