വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി

  1. Home
  2. Business

വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി

s


കുപ്പി വെള്ള വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ കൂട്ടുപിടിച്ച് റിലയന്‍സ്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാന്‍ഡായ 'കാംപ ഷുവര്‍' പരസ്യങ്ങളില്‍ ഇനി അമിതാഭ് ബച്ചനായിരിക്കും ഇടംപിടിക്കുക. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് സൂചന. വിപണിയിലെ പ്രമുഖരായ ബിസ്ലേരിക്ക് വേണ്ടി നടി ദീപിക പദുകോണ്‍ രംഗത്തുള്ളപ്പോഴാണ്, 'ബിഗ് ബി'യുടെ ജനപ്രീതിയിലൂടെ സാധാരണക്കാരെ കയ്യിലെടുക്കാന്‍ മുകേഷ് അംബാനി നീക്കം നടത്തുന്നത്.

വിലയില്‍ 'റിലയന്‍സ്' മാജിക്
കോള വിപണിയില്‍ പരീക്ഷിച്ച അതേ വിലക്കുറവ് തന്ത്രം തന്നെയാണ് കുപ്പിവെള്ളത്തിലും റിലയന്‍സ് പയറ്റുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ ബിസ്ലേരി, കിന്‍ലി (കൊക്കകോള), അക്വാഫിന (പെപ്സികോ) എന്നിവയേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ വിലയിലാകും കാംപ ഷുവര്‍ ലഭ്യമാകുക.

താരപ്പൊലിമയില്‍ കാംപ
അടുത്തകാലത്തായി സിനിമ-കായിക താരങ്ങളെ അണിനിരത്തി വലിയ ബ്രാന്‍ഡിംഗ് നീക്കങ്ങളാണ് റിലയന്‍സ് നടത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തെന്നിന്ത്യന്‍ താരം രാം ചരണിനെ കാംപ കോളയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരുന്നു. രണ്ട് മാസം മുമ്പ് തമിഴ് നടനും റേസറുമായ അജിതിന്റെ മോട്ടോര്‍ സ്‌പോര്‍ട്‌സ് ടീമുമായും റിലയന്‍സ് കരാറൊപ്പിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമിതാഭ് ബച്ചനും റിലയന്‍സ് നിരയിലെത്തുന്നത്.