ലോക സാമ്പത്തിക റാങ്കിങ്ങിൽ തകർപ്പൻ മുന്നേറ്റവുമായി ബഹ്‌റൈൻ; ആദ്യമായി മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ

  1. Home
  2. Business

ലോക സാമ്പത്തിക റാങ്കിങ്ങിൽ തകർപ്പൻ മുന്നേറ്റവുമായി ബഹ്‌റൈൻ; ആദ്യമായി മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ

bahrain


ലോകമെമ്പാടുമുള്ള സാമ്പത്തിക വ്യവസ്ഥകളുടെ മത്സരശേഷി വിലയിരുത്തുന്ന 2026-ലെ ഐ.എം.ഡി വേൾഡ് കോമ്പറ്റിറ്റീവ്‌നെസ് ഇയർബുക്കിൽ (IMD World Competitiveness Yearbook) ചരിത്രനേട്ടം കുറിച്ച് ബഹ്‌റൈൻ. ആദ്യമായി ലോകത്തിലെ മികച്ച 20 സാമ്പത്തിക ശക്തികൾക്കൊപ്പം രാജ്യം ഇടംപിടിച്ചു. ആകെ 70 രാജ്യങ്ങൾ ഉൾപ്പെട്ട ആഗോള പട്ടികയിൽ 20-ാം സ്ഥാനത്താണ് ബഹ്‌റൈൻ ഇത്തവണ എത്തിയത്. 2022-ൽ 30-ാം സ്ഥാനത്തായിരുന്ന രാജ്യം ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശ്രദ്ധേയമായ ഈ സാമ്പത്തിക വളർച്ച കൈവരിച്ചത്.

സമ്പദ്‌വ്യവസ്ഥയുടെ പ്രകടന വിഭാഗത്തിൽ പണപ്പെരുപ്പം, ജീവിതച്ചെലവ്, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിലനിലവാര സൂചികയിൽ ലോകത്ത് മൂന്നാം സ്ഥാനം നിലനിർത്താൻ ബഹ്‌റൈന് സാധിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിൽ 11-ാം സ്ഥാനത്തും, വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ (FDI) കാര്യത്തിൽ ലോകത്ത് ഒൻപതാം സ്ഥാനത്തുമാണ് രാജ്യം. ബഹ്‌റൈന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) 49 ബില്യൺ ഡോളറിലെത്തിയപ്പോൾ 3.5 ശതമാനം സാമ്പത്തിക വളർച്ചയും രാജ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണനിർവഹണ മികവിന്റെ ഭാഗമായി നികുതി നയങ്ങളിൽ ലോകത്ത് അഞ്ചാം സ്ഥാനത്തും ബിസിനസ് നിയമങ്ങളുടെ കാര്യത്തിൽ 11-ാം സ്ഥാനത്തും ബഹ്‌റൈൻ എത്തി. മികച്ച തൊഴിൽ സംസ്കാരം മുൻനിർത്തി ഏഴാം സ്ഥാനവും, തൊഴിൽ വിപണിയിൽ 11-ാം സ്ഥാനവും, മാനേജ്‌മെന്റ് രീതികളിൽ 12-ാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ എട്ടാം സ്ഥാനത്തും സാങ്കേതിക വികസനത്തിൽ 19-ാം സ്ഥാനത്തുമാണ് ബഹ്‌റൈൻ ഇപ്പോൾ ഉള്ളത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ 45 രാജ്യങ്ങളുടെ പട്ടികയിൽ 21-ാം സ്ഥാനത്തുനിന്ന് 12-ാം സ്ഥാനത്തേക്ക് ഉയരാനും ബഹ്‌റൈന് കഴിഞ്ഞു. ശക്തമായ സർക്കാർ നയങ്ങൾ, സുസ്ഥിരമായ സ്ഥാപനങ്ങൾ, ശക്തമായ നിയമവാഴ്ച എന്നിവയാണ് ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ബഹ്‌റൈന്റെ ഈ കുതിപ്പിന് കരുത്തായതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.