ഹോർമുസ് കടലിടുക്കിൽ ചരക്കുനീക്കം സജീവമാകുന്നു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വീണ്ടും ഇടിവ്

  1. Home
  2. Business

ഹോർമുസ് കടലിടുക്കിൽ ചരക്കുനീക്കം സജീവമാകുന്നു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വീണ്ടും ഇടിവ്

hormuz


തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ എണ്ണ ടാങ്കറുകൾ യാത്ര പുനരാരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 1.1 ശതമാനത്തിന്റെ കുറവാണുണ്ടായത്. നിലവിൽ 77 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിനൊപ്പം വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 73 ഡോളറായും കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ നാവിക ഗതാഗതം സുഗമമായതാണ് വിപണിക്ക് അനുകൂലമായത്.

അതേസമയം, യു.എസ് ഉപരോധത്തിൽ ഇളവ് ലഭിച്ച സാഹചര്യത്തിൽ ഇറാനിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം 60 ദിവസത്തേക്ക് താൽക്കാലികമായി പിൻവലിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. മുൻപ് ഉപരോധങ്ങൾ കടുത്തതായതോടെ ഇറാന്റെ എണ്ണ കയറ്റുമതി ഭൂരിഭാഗവും ചൈനയിലേക്കായിരുന്നു നടന്നിരുന്നത്. നിലവിൽ ഇറാന്റേതായി കടലിൽ 68 മില്യൺ ബാരൽ എണ്ണ സംഭരിച്ചു നിർത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

അമേരിക്ക ഔദ്യോഗികമായി തന്നെ 60 ദിവസത്തെ ഇളവ് അനുവദിച്ചതിനാൽ നിയമപരമായ തടസ്സങ്ങളില്ലാതെ കുറഞ്ഞ വിലയ്ക്ക് ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കും. ഇത് ഇന്ത്യൻ എണ്ണക്കമ്പനികൾക്കും ആഭ്യന്തര വിപണിക്കും വലിയ തോതിൽ ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.