ഷോപ്പിങ് ബാഗുകൾ ചുമക്കാൻ ഇനി 'കാരിമെൻ'; വേറിട്ട ആശയവുമായി ഡൽഹിയിൽ പുതിയ സ്റ്റാർട്ടപ്പ്
ഒറ്റയ്ക്ക് ഷോപ്പിങ്ങിന് പോകുമ്പോൾ ഭാരമേറിയ ബാഗുകൾ ചുമന്ന് ബുദ്ധിമുട്ടുന്നവർക്കായി പുതിയ പരിഹാരവുമായി ഡൽഹി ആസ്ഥാനമായുള്ള 'കാരിമെൻ' എന്ന ഷോപ്പിങ് അസിസ്റ്റൻസ് സ്റ്റാർട്ടപ്പ് രംഗത്ത്. മാർക്കറ്റുകളിലെ തിരക്കും ഷോപ്പിങ്ങിനിടയിലെ കടുത്ത ശാരീരിക തളർച്ചയും നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു കൂട്ടം യുവാക്കളാണ് ഈ വേറിട്ട ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. കുടുംബത്തോടൊപ്പം തിരക്കേറിയ മാർക്കറ്റുകളിൽ പോകുമ്പോൾ ബാഗുകൾ ചുമക്കുന്നതും ഭക്ഷണത്തിനായുള്ള നീണ്ട ക്യൂവും കാരണം ഷോപ്പിങ്ങിന്റെ യഥാർത്ഥ സന്തോഷം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടാൻ സ്ഥാപകരെ പ്രേരിപ്പിച്ചത്.
ഒരു മണിക്കൂറിന് 149 രൂപ നിരക്കിലാണ് കാരിമെൻ തങ്ങളുടെ സേവനം ഉപഭോക്താക്കൾക്കായി നൽകുന്നത്. ഇതിനുപുറമെ രണ്ടോ മൂന്നോ നാലോ മണിക്കൂർ വരെയുള്ള പ്രത്യേക പാക്കേജുകളും തിരഞ്ഞെടുക്കാൻ സാധിക്കും. വാട്‌സാപ്പ് വഴി വളരെ ലളിതമായി ഈ സേവനം ബുക്ക് ചെയ്യാം. ഷോപ്പിങ്ങിനിടയിൽ ബാഗുകൾ ചുമക്കുക, ആവശ്യമുള്ള കടകൾ കണ്ടെത്തുക, പാർക്കിങ് ഏരിയയിലേക്കോ മെട്രോ ഗേറ്റുകളിലേക്കോ വഴികാണിക്കുക, വിശ്രമിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുക എന്നിവയിലെല്ലാം പരിശീലനം ലഭിച്ച ഒരു സഹായി ഷോപ്പിങ്ങിലുടനീളം ഉപഭോക്താക്കൾക്കൊപ്പം ഉണ്ടാകും.
ചെറിയ കുട്ടികളുമായി വരുന്ന മാതാപിതാക്കൾക്കായി സഹായിക്കൊപ്പം സ്‌ട്രോളറുകളും ഈ സ്റ്റാർട്ടപ്പ് വാടകയ്ക്ക് നൽകുന്നുണ്ട്. കൂടാതെ ദീർഘനേരം നടന്ന് തളരുമ്പോൾ വിശ്രമിക്കാനായി പോർട്ടബിൾ ക്യാമ്പിങ് ചെയറുകളും ഇവർ ലഭ്യമാക്കും. നിലവിൽ പ്രായമായവരാണ് ഈ സേവനം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഒരു സഹായി പരമാവധി 12 കിലോഗ്രാം വരെയുള്ള ബാഗുകൾ മാത്രമേ ചുമക്കൂ എന്നും, അതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ രണ്ടാമതൊരു സഹായിയുടെ സേവനം കൂടി തേടേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആരംഭിച്ച ഈ സംരംഭത്തിന് ആദ്യ മാസം തന്നെ 50-ലധികം ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. നിലവിൽ ഡൽഹിയിലെ ലജ്പത് നഗറിൽ മാത്രം ലഭ്യമായ ഈ സേവനം വൈകാതെ തന്നെ ചാന്ദ്‌നി ചൗക്കിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
