ജനപ്രിയ വേദനസംഹാരി നിമെസുലൈഡ് നിരോധിച്ച് കേന്ദ്രം; വിറ്റത് 489 കോടിയുടെ മരുന്ന്
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വേദനസംഹാരികളിൽ ഒന്നായ 'നിമെസുലൈഡ്' (Nimesulide) നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലി ഗ്രാമിന് മുകളിലുള്ള നിമെസുലൈഡ് ടാബ്‌ലറ്റുകളും സിറപ്പുകളുമാണ് നിരോധിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി.
കരളിന്റെ ആരോഗ്യത്തിന് നിമെസുലൈഡ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. ഈ മരുന്നിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ICMR) ചുമതലപ്പെടുത്തിയിരുന്നു. ഐ.സി.എം.ആർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ 26 എ വകുപ്പ് പ്രകാരം ഉത്പാദനവും വിതരണവും വിൽപനയും അടിയന്തരമായി നിരോധിച്ചത്. 100 മില്ലി ഗ്രാമിൽ താഴെയുള്ള ഉൽപ്പന്നങ്ങളുടെ കവറിന് പുറത്ത് കടുത്ത ജാഗ്രതാ നിർദ്ദേശമായ 'ബ്ലാക്ക് ബോക്സ്' മുന്നറിയിപ്പ് നൽകണമെന്നും നിർദ്ദേശമുണ്ട്.
ഫാർമറാക്കിന്റെ കണക്കുകൾ പ്രകാരം ഈ വർഷം നവംബർ വരെ മാത്രം 489 കോടി രൂപയുടെ നിമെസുലൈഡ് മരുന്നുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. വിപണിയിൽ 8.4 ശതമാനം വാർഷിക വളർച്ചയും ഈ മരുന്നിനുണ്ടായിരുന്നു. സൺ ഫാർമ, ഡോ. റെഡീസ്, ലുപിൻ, സിപ്ല, സൈഡസ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഈ വേദനസംഹാരി വിപണിയിലെത്തിച്ചിരുന്നു. പൊതുജനാരോഗ്യം മുൻനിർത്തിയാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
