തീരനിയമം തടസ്സമാകില്ല; കായലിൽ ഒഴുകി നടക്കുന്ന കോട്ടേജുകളുമായി കശ്മീരി യുവാവ്

  1. Home
  2. Business

തീരനിയമം തടസ്സമാകില്ല; കായലിൽ ഒഴുകി നടക്കുന്ന കോട്ടേജുകളുമായി കശ്മീരി യുവാവ്

floating cottages


തീരപരിപാലന നിയമം (CRZ) വിനോദസഞ്ചാര മേഖലയ്ക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ, നിയമപരമായിത്തന്നെ അതിനെ മറികടക്കാൻ വിപ്ലവകരമായ ആശയവുമായി കശ്മീരി യുവാവായ നമൻ ശർമ. കായൽ ദ്വീപുകൾക്ക് ചുറ്റും ഒഴുകി നടക്കുന്ന കോട്ടേജുകൾ എന്ന ആശയമാണ് നമൻ മുന്നോട്ടുവെക്കുന്നത്. ജമ്മു സ്വദേശിയായ നമൻ, അഹമ്മദാബാദിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അരൂരിലെ സമുദ്ര ഷിപ്‌യാർഡിൽ നിന്നാണ് ഈ നൂതന പദ്ധതി രൂപകൽപ്പന ചെയ്തത്.

തീരപ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും, വെള്ളത്തിൽ ഒഴുകി നടക്കുന്ന ഇത്തരം കോട്ടേജുകൾക്ക് തീരനിയമം തടസ്സമാകില്ല. കേരള മാരിടൈം ബോർഡിന്റെ അനുമതി മാത്രം നേടിയാൽ ഇവ കായലുകളിൽ സ്ഥാപിക്കാനാകും. ബോർഡിന്റെ എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ചാണ് നമൻ കോട്ടേജുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വിവിധ വലുപ്പത്തിലുള്ള കുടുംബങ്ങൾക്കായി വ്യത്യസ്ത രീതിയിലുള്ള കോട്ടേജുകൾ ലഭ്യമാണ്.

തീർത്തും മാലിന്യമുക്തവും പ്രകൃതിസൗഹൃദവുമായാണ് ഇതിന്റെ രൂപകൽപ്പന. കായൽ ദ്വീപുകളെ കേന്ദ്രീകരിച്ച് ഇത്തരം കോട്ടേജുകൾ വരുന്നതോടെ കേരളത്തിലെ ഉൾനാടൻ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ആദ്യത്തെ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഈ പദ്ധതി പരീക്ഷിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാരിടൈം ബോർഡിന്റെ വ്യവസ്ഥകൾ പാലിച്ച് സുരക്ഷിതമായ കോട്ടേജുകൾ നിർമ്മിക്കാൻ തയ്യാറാണെന്ന് അരൂർ സമുദ്ര ഷിപ്‌യാർഡും വ്യക്തമാക്കി.