വ്യോമമേഖലയിലെ പ്രതിസന്ധി; എയർ ഇന്ത്യ 500 വിമാനങ്ങൾ റദ്ദാക്കും

  1. Home
  2. Business

വ്യോമമേഖലയിലെ പ്രതിസന്ധി; എയർ ഇന്ത്യ 500 വിമാനങ്ങൾ റദ്ദാക്കും

AIR INDIA


ആഗോള വ്യോമമേഖലയിലെ കടുത്ത പ്രതിസന്ധിയെത്തുടർന്ന് എയർ ഇന്ത്യ കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) അഥവാ വിമാന ഇന്ധനത്തിന്റെ വില വർധനവാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ സർവീസുകളിൽ 22 ശതമാനം കുറവ് വരുത്തിയ എയർ ഇന്ത്യ, മെയ് മാസത്തിൽ 20 ശതമാനവും ജൂണിൽ 7 ശതമാനവും കുറവ് വരുത്താൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ 2,549 സർവീസുകൾ നടത്തിയ സ്ഥാനത്ത് ഈ വർഷം അത് 1,987 ആയി കുറഞ്ഞു. മെയ് മാസത്തിൽ നിശ്ചയിച്ചിരുന്ന 2,588 സർവീസുകൾ 2,072 ആയി പരിമിതപ്പെടുത്തും.

ദീർഘദൂര സർവീസുകളെയാണ് ഈ റദ്ദാക്കൽ പ്രധാനമായും ബാധിക്കുന്നത്. ന്യൂയോർക്ക്, നേവാർക്ക് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര റൂട്ടുകളിലെ വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. പാരീസ്, മിലാൻ, സൂറിച്ച് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ 15 മുതൽ 20 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

കൂടാതെ കോപ്പൻഹേഗൻ, വിയന്ന, റോം, ലണ്ടനിലെ ഹീത്രു വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വെട്ടിക്കുറച്ചവയിൽ ഉൾപ്പെടുന്നു. എണ്ണവില വർധനവിനെത്തുടർന്നുണ്ടായ പ്രതിസന്ധി വിമാന സർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ നേരത്തെ വ്യക്തമാക്കിയിരുന്നു.