ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വൈകാതെ കുറച്ചേക്കുമെന്ന് റിപ്പോർട്ട്. യുഎസ്-ഇറാൻ സമാധാന ചർച്ചകളെ തുടർന്ന് പശ്ചിമേഷ്യൻ പ്രതിസന്ധി ഒഴിഞ്ഞതും, ഒപെക് പ്ലസ് സഖ്യം ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചതുമാണ് ആഗോള വിപണിയിൽ ഇന്ധനവില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിച്ചത്. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിലേക്കും ഇന്ത്യൻ ക്രൂഡ് ബാസ്കറ്റ് വില 67-68 ഡോളറിലേക്കും താഴ്ന്നിട്ടുണ്ട്. ഇതേ തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണക്കാരായ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും ഇതിനോടകം കുറച്ചിട്ടുണ്ട്.
എണ്ണവിലയിലെ ഈ കുറവ് രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവയ്ക്കും വലിയ ആശ്വാസമാണ് നൽകുന്നത്. അടുത്ത 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ പെട്രോൾ, ഡീസൽ വിൽപനയിലെ നഷ്ടം പൂർണ്ണമായി ഒഴിവാക്കാൻ കമ്പനികൾക്ക് സാധിക്കും.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ആശ്വാസമേകുന്ന ഇന്ധന വിലക്കുറവ് പ്രഖ്യാപിക്കാൻ സർക്കാർ പൊതുമേഖലാ കമ്പനികളോട് നിർദേശിച്ചേക്കുമെന്നാണ് സൂചന. ആവശ്യമുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ആഗോള വിപണിയിലെ ഈ മാറ്റം പണപ്പെരുപ്പം നിയന്ത്രിക്കാനും ഏറെ സഹായകരമാകും.
