ക്രൂഡോയിൽ വില കുതിക്കുന്നു; കേരളത്തിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്

  1. Home
  2. Business

ക്രൂഡോയിൽ വില കുതിക്കുന്നു; കേരളത്തിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്

gold  


ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് കേരളത്തിൽ സ്വർണ്ണവിലയിൽ ഇന്നു വലിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 രൂപയായി. പവന് 880 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,600 രൂപയിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് ഔൺസിന് 4705 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും 0.6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവില ഉയർന്നുനിൽക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുകയും, ഇത് മറികടക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പലിശനിരക്ക് ഉയർന്നാൽ സ്വർണ്ണത്തിലെ നിക്ഷേപം കുറയുമെന്ന നിഗമനത്തിലാണ് വില ഇടിയുന്നത്.

ബ്രെന്റ് ക്രൂഡോയിൽ വില ഇപ്പോഴും 100 ഡോളറിനടുത്ത് തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ ഇനിയും ആറുമാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണ്ണത്തോടൊപ്പം വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയിലും ആഗോള വിപണിയിൽ ഇടിവുണ്ടായിട്ടുണ്ട്. വെള്ളി വില 1.4 ശതമാനവും പ്ലാറ്റിനം 1.3 ശതമാനവും കുറഞ്ഞു.