സൗദിയിലെ ഡെലിവറി സേവനങ്ങളിൽ 60 ശതമാനം വളർച്ച; റിയാദ് മുന്നിൽ
സൗദി അറേബ്യയിലെ ഡെലിവറി സേവന മേഖലയിൽ കഴിഞ്ഞ വർഷം വൻ വളർച്ച രേഖപ്പെടുത്തി. 2025-ന്റെ അവസാന പാദത്തിൽ മാത്രം രാജ്യത്തുടനീളം 12.4 കോടിയിലധികം ഓർഡറുകളാണ് വിതരണം ചെയ്തത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ വൻ വർധനവാണ് ഈ മേഖലയിൽ ഉണ്ടായതെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.
ഇ-കൊമേഴ്‌സ് രംഗത്തെ കുതിപ്പും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോജിസ്റ്റിക്സ് മേഖലയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ തലസ്ഥാനമായ റിയാദിലാണ് ഏറ്റവും കൂടുതൽ ഡെലിവറികൾ നടന്നത്. ആകെ ഓർഡറുകളുടെ 44.45 ശതമാനവും റിയാദിലായിരുന്നു. മക്ക (22.17%), കിഴക്കൻ പ്രവിശ്യ (15.90%) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
മദീന, അസീർ, ഖസീം തുടങ്ങിയ മേഖലകളിലും മികച്ച മുന്നേറ്റം പ്രകടമാണ്. ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങളും സേവനങ്ങളിലെ വേഗതയും സൗദിയിലെ ഡെലിവറി ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയാണ്.
