സാമ്പത്തിക ക്ലെയിമുകൾ നവംബർ 30-നകം സമർപ്പിക്കണം; കമ്പനികൾക്കും വ്യക്തികൾക്കും മുന്നറിയിപ്പുമായി ഒമാൻ മന്ത്രാലയം
2026 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമ്പത്തിക ക്ലെയിമുകളും സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആയി നിശ്ചയിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മന്ത്രാലയവുമായി സാമ്പത്തിക ഇടപാടുകളുള്ള സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ രേഖകൾ സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് മന്ത്രാലയം പുറപ്പെടുവിച്ച 21/2026 നമ്പർ ഔദ്യോഗിക സർക്കുലറിലാണ് നിർണായക സമയപരിധി കൃത്യമായി വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലാണ് (Financial Affairs Department) ആവശ്യമായ രേഖകൾ സഹിതം ക്ലെയിമുകൾ സമർപ്പിക്കേണ്ടത്.
നവംബർ 30-ന് ശേഷം ലഭിക്കുന്ന അപേക്ഷകളും ക്ലെയിമുകളും തീർപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിന് മന്ത്രാലയം ഉത്തരവാദിയായിരിക്കില്ലെന്നും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ തടസ്സങ്ങളില്ലാതെ നടപടികൾ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
