സാമ്പത്തിക വർഷാവസാനം; മാർച്ച് 31-ന് മുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഇവയാണ്...

  1. Home
  2. Business

സാമ്പത്തിക വർഷാവസാനം; മാർച്ച് 31-ന് മുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഇവയാണ്...

financial year


ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിനാൽ എല്ലാ മേഖലയിലും തിരക്ക് വർധിക്കുന്ന മാസമാണ് മാർച്ച്. ഒരു സാമ്പത്തിക വർഷത്തിന്റെ അവസാനമായതുകൊണ്ട് മാർച്ചിൽ ചെയ്തു തീർക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നിക്ഷേപങ്ങളും ആദായ നികുതി റിട്ടേണുകളും അടക്കം ഈ കാര്യങ്ങളിൽ ഉൾപ്പെടും. മാർച്ച് 31-ന് അവസാനിക്കുന്നതിന് മുൻപ് ചെയ്യേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്.

1)പാൻ-ആധാർ ലിങ്ക്
മാർച്ച് 31 ന് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1,000 രൂപ പിഴ ഈടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതോടൊപ്പം ഇവ രണ്ടും ലിങ്ക് ചെയ്തില്ലെങ്കിൽ ഏപ്രിൽ 1 മുതൽ  പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നും നിർദേശമുണ്ട്. 

2)മ്യൂച്വൽ ഫണ്ട് നോമിനി
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ മാർച്ച് 31-നകം നാമനിർദ്ദേശം സമർപ്പിക്കേണ്ടത് നിർബന്ധമാണ്. സമയപരിധി കഴിഞ്ഞിട്ടും ഈ മാനദണ്ഡം പാലിക്കാത്ത നിക്ഷേപകരുടെ നിക്ഷേപം മരവിപ്പിക്കും. പിന്നീട് ഇവർക്ക് അവയിൽ ഇടപാട് നടത്താൻ കഴിയില്ല.

3)സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ്
സെക്ഷൻ 80C പ്രകാരം നികുതി ഇളവുകൾ ലഭിക്കുന്ന ഒട്ടേറെ നിക്ഷേപങ്ങളുണ്ട്. ഇവയിൽ നിക്ഷേപിക്കാൻ ആഗ്രഹമുള്ളവർ മാർച്ച് 31-ന് മുൻപ് നിക്ഷേപിക്കണം. നികുതി ഇളവ് ലഭിക്കുന്നതിന് വേണ്ടി പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഇ എൽ എസ് എസ് തുടങ്ങിയവയിൽ നിക്ഷേപിക്കാം. 

4)പ്രധാനമന്ത്രി വയ വന്ദന യോജന
ഒരു ഇൻഷുറൻസ് പോളിസി കൂടിയായ പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY). ഒരാൾക്ക് 15 ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കാം. നിലവിൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.40% പലിശയിൽ സ്ഥിര വരുമാനം ഈ പദ്ധതി പ്രകാരം ലഭിക്കും. 2023 മാർച്ച് 31 വരെ മാത്രമേ ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ കഴിയൂ. 

5)എൽഐസി പോളിസി
ഉയർന്ന പ്രീമിയം എൽഐസി പോളിസിയിൽ നികുതി ഇളവ് ലഭിക്കണമെങ്കിൽ, മാർച്ച് 31-ന് മുമ്പായി പോളിസി വാങ്ങണം. 2023 ഏപ്രിൽ 1 മുതൽ ഈ ഇളവ് ലഭ്യമാകില്ല