വിഴിഞ്ഞത്തുനിന്ന് ആദ്യ നേരിട്ടുള്ള ചരക്ക് കപ്പൽ സ്പെയിനിലേക്ക്; ചരിത്രം കുറിച്ച് 'എം.എസ്.സി ബെറിൽ'

  1. Home
  2. Business

വിഴിഞ്ഞത്തുനിന്ന് ആദ്യ നേരിട്ടുള്ള ചരക്ക് കപ്പൽ സ്പെയിനിലേക്ക്; ചരിത്രം കുറിച്ച് 'എം.എസ്.സി ബെറിൽ'

vizhinjam


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി 'എം.എസ്.സി ബെറിൽ' എന്ന കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്കാണ് കപ്പൽ യാത്ര തിരിചത്. കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്യുന്നത്.

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ്. ബാക്കി ആറ് കണ്ടെയ്നറുകളിൽ കൊച്ചിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്സ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഉള്ളത്. വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ പോർട്ട് ഓഫ് സിനെസ് (Port of Sines) തുറമുഖത്ത് മാത്രമാണ് ഇടയ്ക്ക് അടുക്കുക. അവിടെനിന്നും കപ്പൽ വലൻസിയയിൽ എത്തിച്ചേരും.

വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാനമായ ചുവടുവയ്പ്പാണിത്. സാധാരണയായി കേരളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ 60 ദിവസത്തോളം സമയം വേണ്ടിവരാറുണ്ട്. എന്നാൽ വിഴിഞ്ഞം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സാധിക്കും. ഇത് വലിയ സമയലാഭവും സാമ്പത്തിക നേട്ടവുമാണ് വാണിജ്യ മേഖലയ്ക്ക് നൽകുന്നത്.