ചരിത്രത്തിലാദ്യമായി പവന് 10,200 രൂപയുടെ വർധന; കേരളത്തിൽ സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കുന്നു

  1. Home
  2. Business

ചരിത്രത്തിലാദ്യമായി പവന് 10,200 രൂപയുടെ വർധന; കേരളത്തിൽ സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കുന്നു

gold


സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. ഒറ്റയടിക്ക് പവന് 10,200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,23,220 രൂപയിലെത്തി. ഗ്രാമിന് 1275 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്. മെയ് 5-ന് രേഖപ്പെടുത്തിയ 1,09,400 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

വില കൂടാൻ കാരണമായത്: രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വർണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് വില കുതിച്ചുയരാൻ കാരണമായത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ (Import Duty) 10 ശതമാനമായി ഉയർത്തി. ഇതിന് പുറമെ 5 ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് സെസ് കൂടി ഏർപ്പെടുത്തിയതോടെ ആകെ നികുതി വർധനവ് 15 ശതമാനമായി ഉയർന്നു. നേരത്തെ ഇത് ആകെ ആറ് ശതമാനമായിരുന്നു.

അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വലിയ തോതിൽ ഡോളർ ചിലവാകുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രം അസാധാരണ ഗസറ്റിലൂടെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. വിദേശനാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാൻ ഒരു വർഷത്തേക്കെങ്കിലും സ്വർണ ഉപഭോഗം കുറയ്ക്കാനായിരുന്നു നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണവില കുതിച്ചുയരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.