അബൂദബിയിൽ ഫ്രീലാന്‍സ് ലൈസൻസുകളിൽ 224 ശതമാനം വർധന; സാമ്പത്തിക മേഖലയ്ക്ക് വൻ കുതിപ്പ്

  1. Home
  2. Business

അബൂദബിയിൽ ഫ്രീലാന്‍സ് ലൈസൻസുകളിൽ 224 ശതമാനം വർധന; സാമ്പത്തിക മേഖലയ്ക്ക് വൻ കുതിപ്പ്

abudhabi


അബൂദബിയിലെ വ്യവസായ, ഫ്രീലാൻസ് മേഖലകളുടെ വൻ വിപുലീകരണത്തിന് പിന്നാലെ എമിറേറ്റിൽ പുതിയ സാമ്പത്തിക ലൈസൻസുകളുടെ എണ്ണത്തിൽ വൻ വർധനവ്. 2026-ന്റെ ആദ്യ പകുതിയിൽ ഫ്രീലാൻസർ ലൈസൻസുകളുടെ എണ്ണത്തിൽ 224 ശതമാനത്തിന്റെ കൂറ്റൻ വളർച്ച രേഖപ്പെടുത്തിയതായി അബൂദബി രജിസ്‌ട്രേഷൻ അതോറിറ്റിയുടെ (ADRA) പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആകെ സാമ്പത്തിക ലൈസൻസുകളിൽ അഞ്ച് ശതമാനവും പരസ്യ പെർമിറ്റുകളിൽ 14 ശതമാനവും വർധനവുണ്ടായിട്ടുണ്ട്.

നൂതന ബിസിനസ് ലൈസൻസുകളായ ക്രാഫ്റ്റ് ആൻഡ് പ്രൊഫഷണൽ ലൈസൻസുകളിൽ 136 ശതമാനവും മൊബ്ദിയ ലൈസൻസുകളിൽ 10 ശതമാനവും താജർ അബൂദബി വിഭാഗത്തിൽ എട്ടുശതമാനവും വളർച്ച രേഖപ്പെടുത്തി. കൂടാതെ 151 പുതിയ വ്യവസായ ലൈസൻസുകൾ വഴി 10.6 കോടി ദിർഹത്തിലധികം നിക്ഷേപമാണ് എമിറേറ്റിലേക്ക് ഒഴുകിയെത്തിയത്. പശ്ചിമേഷ്യൻ രാഷ്ട്രീയ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും അബൂദബിയുടെ വാണിജ്യ മേഖല കൈവരിച്ച ഈ നേട്ടം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.