ഇന്ധനവില അഞ്ചു രൂപ വരെ ഉയർന്നേക്കും; പാചകവാതകത്തിനും വർധനയ്ക്ക് സാധ്യത; ആശങ്കയിൽ രാജ്യം

  1. Home
  2. Business

ഇന്ധനവില അഞ്ചു രൂപ വരെ ഉയർന്നേക്കും; പാചകവാതകത്തിനും വർധനയ്ക്ക് സാധ്യത; ആശങ്കയിൽ രാജ്യം

fuel


പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില ഉടൻ വർധിപ്പിക്കുമെന്ന് സൂചന. പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ച് രൂപ വരെ വർധിക്കാനാണ് സാധ്യത. ആഗോള വിപണിയിൽ എണ്ണവില വർധിച്ചിട്ടും രാജ്യത്ത് ചില്ലറ വിൽപ്പന നിരക്ക് ഉയർത്താത്തത് മൂലം എണ്ണക്കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപയിലധികം നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകിയേക്കും.

മെയ് 15-ന് മുൻപ് തന്നെ വില വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് എണ്ണക്കമ്പനി അധികൃതരുടെ പ്രതീക്ഷ. പെട്രോളിനും ഡീസലിനും പുറമെ ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെ വർധനവുണ്ടായേക്കാം. പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറിലേക്ക് ഉയർന്നതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇന്ധനവില വർധനവിന്റെ സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടാകുന്ന വിലക്കയറ്റം നേരിടാൻ ജനങ്ങൾ ചെലവുചുരുക്കണമെന്നും പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ആവശ്യപ്പെട്ടു. എന്നാൽ, രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയിൽ ഇത്ര വലിയ വർധനവിന് വഴിയൊരുങ്ങുന്നത്.