സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു; പവന് 1760 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡില്‍
കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,600 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 220 രൂപയാണ് ഇന്ന് വര്‍ധിച്ചത്; 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രണ്ടു തവണയായി 1440 രൂപയാണ് ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു പവന്‍ വില. ഡിസംബര്‍ 9-ന് 94,920 രൂപയിലേക്ക് താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചു കയറി ലക്ഷം കടന്നത്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും, ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് പോയതുമാണ് സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണമായത്. കൂടാതെ ഓഹരി വിപണിയിലെ അസ്ഥിരതയും നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും വിലയെ സ്വാധീനിച്ചു.
