സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,880 രൂപ, വില വീണ്ടും ഒരു ലക്ഷത്തിന് താഴെ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി . ഇന്ന് ഒറ്റ ദിവസംകൊണ്ട് പവന് 1,880 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 95,840 രൂപയായി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയിലുമെത്തി.
ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്, ക്രൂഡ് ഓയിൽ വില, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങൾ ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്നാണ് വിപണി വിലയിരുത്തൽ.
