മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ചരിത്രനേട്ടം; എമിറേറ്റ്‌സ് ഗ്രൂപ്പിന് റെക്കോർഡ് ലാഭം

  1. Home
  2. Business

മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ചരിത്രനേട്ടം; എമിറേറ്റ്‌സ് ഗ്രൂപ്പിന് റെക്കോർഡ് ലാഭം

emirates


മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധപ്രതിസന്ധികളും വെല്ലുവിളി ഉയർത്തിയെങ്കിലും 2025-26 സാമ്പത്തിക വർഷത്തിൽ എമിറേറ്റ്‌സ് ഗ്രൂപ്പിന് റെക്കോർഡ് ലാഭം. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2,440 കോടി ദിർഹത്തിന്റെ (Dh 24.4 billion) നികുതിക്ക് മുമ്പുള്ള ലാഭമാണ് ഗ്രൂപ്പ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ വർധനവാണിത്.

അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട പ്രാദേശിക സംഘർഷങ്ങൾ വ്യോമഗതാഗതത്തെ ബാധിച്ച അവസാന പാദത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഗ്രൂപ്പിനായി. ഗ്രൂപ്പിന്റെ ആകെ വരുമാനം 3 ശതമാനം വർധിച്ച് 15,050 കോടി ദിർഹത്തിലെത്തി. നിലവിൽ 5,960 കോടി ദിർഹത്തിന്റെ റെക്കോർഡ് പണമൊഴുക്ക് (Cash assets) ഗ്രൂപ്പിനുണ്ട്. യുഎഇയിലെ കോർപ്പറേറ്റ് നികുതി 9 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിച്ചതിനെത്തുടർന്ന്, നികുതിക്ക് ശേഷമുള്ള അറ്റാദായം 2,100 കോടി ദിർഹമാണ്.

ലോകത്തിലെ ഏറ്റവും ലാഭകരമായ എയർലൈൻ എന്ന പദവി എമിറേറ്റ്‌സ് നിലനിർത്തി. 1,970 കോടി ദിർഹമാണ് എയർലൈനിന്റെ മാത്രം ലാഭം. 5.32 കോടി യാത്രക്കാരാണ് ഈ കാലയളവിൽ എമിറേറ്റ്‌സിൽ യാത്ര ചെയ്തത്. ഇന്ധനച്ചെലവിൽ ഉണ്ടായ നേരിയ കുറവും പ്രീമിയം ക്യാബിനുകളോടുള്ള യാത്രക്കാരുടെ താൽപ്പര്യവും ലാഭം വർധിക്കാൻ കാരണമായി.

പുതിയ വിമാനങ്ങൾ, സാങ്കേതിക വിദ്യകൾ, സൗകര്യങ്ങൾ എന്നിവയ്ക്കായി 1,790 കോടി ദിർഹത്തിന്റെ നിക്ഷേപം ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. വെല്ലുവിളികൾക്കിടയിലും എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ബിസിനസ് മോഡലിന്റെ കരുത്താണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു. അതേസമയം, നികുതി വർധനവിനെത്തുടർന്ന് ഗ്രൂപ്പിന് കീഴിലുള്ള ഡിനാറ്റയുടെ (dnata) ലാഭത്തിൽ 4 ശതമാനത്തിന്റെ കുറവുണ്ടായി.