വ്യാപാര കരാറിൽ ഇന്ത്യയ്ക്ക് ആശ്വാസം: തീരുവയിൽ മുൻഗണന നൽകാമെന്ന് അമേരിക്കയുടെ ഉറപ്പ്
വിയറ്റ്നാം, ഇന്തോനേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപാര തീരുവയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് പ്രത്യേക മുൻഗണന നൽകാമെന്ന് അമേരിക്ക ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ. ഇടക്കാല വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.
കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപായി ഇന്ത്യ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളിൽ ഒന്നായിരുന്നു മറ്റു രാജ്യങ്ങളെക്കാൾ തീരുവയിൽ മുൻതൂക്കം നൽകണമെന്നത്. എന്നാൽ അമേരിക്കയുടെ മൊത്തത്തിലുള്ള തീരുവ ചട്ടക്കൂട് നിലവിൽ വന്നതിനുശേഷം മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഈ ആനുകൂല്യം എത്രത്തോളമുണ്ടാകുമെന്ന് അമേരിക്ക നടത്തുന്ന തീരുവ അന്വേഷണങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും.
ഇടക്കാല വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ഈ സാമ്പത്തിക വർഷാവസാനത്തോടെ പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. നിലവിലെ തീരുവ ചർച്ചകൾ അവസാനിക്കുകയും അന്തിമ നിരക്കുകൾ നിശ്ചയിക്കുകയും ചെയ്താലേ കരാർ യാഥാർഥ്യമാകൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കരാറിന്റെ ആദ്യ ഘട്ടത്തിൽ ചരക്കുകൾക്ക് മാത്രമായിരിക്കും പ്രാധാന്യം നൽകുക. സേവന മേഖലയും മറ്റ് അനുബന്ധ വിഷയങ്ങളും കരാറിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും ഉൾപ്പെടുത്തുക. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.
