റഷ്യയിൽ നിന്ന് 105 യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; 20 വിമാനങ്ങൾ 'എയർ കേരള'യ്ക്ക്

  1. Home
  2. Business

റഷ്യയിൽ നിന്ന് 105 യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; 20 വിമാനങ്ങൾ 'എയർ കേരള'യ്ക്ക്

air kerala


ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന സർവീസുകൾ ശക്തിപ്പെടുത്തുന്നതിനായി റഷ്യയിൽ നിന്ന് 105 പ്രാദേശിക യാത്രാവിമാനങ്ങൾ (Il-114-300) വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ധാരണയായി. ന്യൂഡൽഹിയിൽ വെച്ച് നടന്ന 'ഇന്നോപ്രോം' പ്രദർശനത്തോടനുബന്ധിച്ചാണ് ഇത് സംബന്ധിച്ച കരാറുകളിൽ ഒപ്പുവെച്ചത്. മലയാളി സംരംഭമായ 'എയർ കേരള'യും വിമാനങ്ങൾ വാങ്ങുന്ന പ്രമുഖ കമ്പനികളിൽ ഉൾപ്പെടുന്നു.

റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ (Rostec) കീഴിലുള്ള യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് (UAC) ഇന്ത്യയ്ക്ക് വിമാനങ്ങൾ കൈമാറുന്നത്. പ്രഖ്യാപിച്ച ധാരണ പ്രകാരം പിനാക്കിൾ എയർ 50 വിമാനങ്ങളും സ്ലീക്ക് ഏവിയേഷൻ 35 വിമാനങ്ങളും എയർ കേരള 20 വിമാനങ്ങളും സ്വന്തമാക്കും. 68 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് രൂപകൽപ്പന ചെയ്ത ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനങ്ങൾ, പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള ചെറിയ റൺവേകളിൽ നിന്നും സർവീസ് നടത്താൻ അനുയോജ്യമായവയാണ്.

രണ്ട് TV7-117ST-01 എൻജിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന Il-114-300 വിമാനങ്ങൾക്ക് പൂർണ ശേഷിയിൽ 1,400 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകും. ചെറിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ 'ഉഡാൻ' പദ്ധതിക്കും എയർ കേരളയുടെ പ്രാദേശിക സർവീസുകൾക്കും ഈ വിമാനങ്ങൾ വലിയ കരുത്ത പകരും.