മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 4,800 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും
സാങ്കേതികവിദ്യാ മേഖലയിൽ പ്രതിസന്ധി തുടരുന്നതിനിടെ പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനം പേരെ പിരിച്ചുവിടാനാണ് നിലവിലെ തീരുമാനം. ഇതോടെ ഏകദേശം 4,800 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകൾ നിർമിക്കാനും അത്യാധുനിക കമ്പ്യൂട്ടിങ് സംവിധാനങ്ങൾ ഒരുക്കാനും കോടിക്കണക്കിന് ഡോളറാണ് കമ്പനി ചെലവഴിക്കുന്നത്.
ഈ ഭീമമായ പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നിർമിത ബുദ്ധിയുടെ വരവോടെ ജോലികൾ ചെയ്യുന്ന രീതി മാറുകയാണെന്നും ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനാണ് പിരിച്ചുവിടലെന്നും മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ എമി കോൾമാൻ ജീവനക്കാർക്കയച്ച മെമ്മോയിൽ വ്യക്തമാക്കി. കമ്പനിയുടെ ഗെയിമിങ് വിഭാഗമായ എക്‌സ്‌ബോക്‌സ് (Xbox) നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികളും ഈ തീരുമാനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എക്‌സ്‌ബോക്‌സിന്റെ ലാഭവിഹിതം വെറും 3 ശതമാനത്തിലേക്ക് താഴ്ന്ന സാഹചര്യത്തിൽ ബിസിനസ്സ് പുനഃക്രമീകരിക്കേണ്ടി വരുമെന്ന് സി.ഇ.ഒ ആശ ശർമ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹാർഡ്‌വെയർ, പ്ലാറ്റ്‌ഫോം വികസനത്തിനായി 20 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാൽ ലാഭകരമല്ലാത്ത സ്റ്റുഡിയോകളെ ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. പിരിച്ചുവിടൽ പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയിൽ 1.5 ശതമാനം ഇടിവുണ്ടായി. ഈ വർഷം ആദ്യ പകുതിയിൽ കമ്പനിയുടെ ഓഹരി മൂല്യത്തിൽ 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യം 9,000 ജീവനക്കാർക്ക് കമ്പനി സന്നദ്ധ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആമസോൺ, മെറ്റ തുടങ്ങിയ വമ്പൻ കമ്പനികളും ഈ വർഷം സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
