വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കൊക്കകോളയുടെ ഓഹരി മൂല്യത്തിൽ വൻ കുതിച്ചുയർച്ച
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഒരു വെളിപ്പെടുത്തലിന് പിന്നാലെ ഷെയർ മാർക്കറ്റിൽ കൊക്കകോള കമ്പനിക്ക് വൻ നേട്ടം. വൈനിൽ സ്പ്രൈറ്റ് കലർത്തി കുടിക്കുന്ന തന്റെ വേറിട്ട ശീലം മെസി പങ്കുവെച്ചതോടെ കൊക്കകോളയുടെ ഓഹരി മൂല്യം 5 ശതമാനമാണ് വർധിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ 12.9 ബില്യൺ ഡോളറിന്റെ (ഏകദേശം 1.07 ലക്ഷം കോടി രൂപ) വർധനവാണ് കമ്പനിക്കുണ്ടായത്.
ലുസു ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താൻ വൈനിൽ സ്പ്രൈറ്റ് ചേർക്കാറുണ്ടെന്ന കാര്യം മെസി വെളിപ്പെടുത്തിയത്. "എനിക്ക് വൈൻ ഇഷ്ടമാണ്. പക്ഷേ വൈനിനൊപ്പം സ്പ്രൈറ്റ് ചേർത്തില്ലെങ്കിൽ അത് പെട്ടെന്ന് ബാധിക്കും. മിയാമിയിലെ ചൂടിൽ റിലാക്സ് ചെയ്യാൻ ഈ കോംബിനേഷൻ തന്നെ സഹായിക്കാറുണ്ട്" എന്ന് താരം ചിരിയോടെ പറഞ്ഞു.
ജനുവരി 7-ന് മെസി നടത്തിയ ഈ നിസാരമായ പരാമർശം തങ്ങളുടെ വിപണി മൂല്യത്തെ വൻതോതിൽ സ്വാധീനിച്ചതായി കൊക്കകോള അധികൃതർ സ്ഥിരീകരിച്ചു. നേരത്തെ 2021-ലെ യൂറോ കപ്പ് വാർത്താസമ്മേളനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുന്നിലിരുന്ന കൊക്കകോള കുപ്പികൾ നീക്കിവെച്ചപ്പോൾ കമ്പനിക്ക് 4 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചിരുന്നു. എന്നാൽ മെസിയുടെ പുതിയ 'ഫുഡ് കോംബോ' ഇപ്പോൾ കമ്പനിക്ക് ഇരട്ടി മധുരമാണ് നൽകിയിരിക്കുന്നത്.
